bjp-

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് പ്രഹരം സൃഷ്ടിച്ച മെഡിക്കൽ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതേ തുടർന്ന് പരാതിക്കാരനായ ചെന്നിത്തലയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. നേരത്തെ തെളിവ് ലഭിക്കാത്തതിനെ തുടർന്ന് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്തിരുന്നു.

സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി മെഡിക്കൽ കോളേജ് കൗൺസിന്റെ അംഗീകാരം വാങ്ങിത്തരാൻ ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നേതൃത്വം കുടുങ്ങിയത്. തുടർന്ന്

കോഴ നൽകിയവരും ഇടനിലക്കാരും പാർട്ടി കമ്മിഷൻ അംഗങ്ങളും ആരോപണം തള്ളിപ്പറഞ്ഞതോടെ ആദ്യം നടത്തിയ വിജിലൻസ് അന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല.

പ്രതിപക്ഷനേതാവ് നൽകിയ കത്ത് കൂടി പരിഗണിച്ച് ഒരു മാസം മുമ്പാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.കഴിഞ്ഞ ആഴ്ച പ്രതിപക്ഷനേതാവിന്റെ മൊഴി ക്രൈംബ്രാഞ്ച് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നു രേഖപ്പെടുത്തി. ബി.ജെ.പിനേതാക്കളോട് മൊഴിരേഖപ്പെടുത്താൻ സമയം ചോദിച്ചുവെങ്കിലും പ്രചാരണ തിരക്കായതിനാൽ സമയം നൽകിയില്ല. അതേസമയം,​ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ട്.

വർക്കല എസ്.ആർ.മെഡിക്കൽകോളേജ്, ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളേജ് എന്നിവയുടെ അംഗീകാരത്തിനായി എം.ടി.രമേശ്, ബി.ജെ.പിയുടെ സഹകരണ സെൽ മുൻ കൺവീനർ എന്നിവർ ഇടനിലക്കാരായി കോടികൾ നൽകിയെന്നായിരുന്നു ആരോപണം. ഡൽഹിയിലെ സതീഷ് നമ്പ്യാർ എന്ന ഇടനിലക്കാരനാണ് പണം കൈമാറിയതെന്നായിരുന്നു അന്വേഷണ കമ്മിഷൻ കണ്ടെത്തൽ.