തൊടുപുഴ ∙ ക്രൂരമായി മർദിച്ച് അബോധാവസ്ഥയിലാക്കി ആശുപത്രിയിലെത്തിച്ച ഏഴു വയസുകാരന് ചികിത്സ വൈകിപ്പിക്കാനും പ്രതി അരുൺ ആനന്ദ് ശ്രമിച്ചതിന് ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങൾ തെളിവ്.
മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിടുകയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ കുട്ടിക്കൊപ്പം ആംബുലൻസിൽ കയറാതിരിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നെന്ന് ദൃശ്യങ്ങൾ തെളിയിക്കുന്നു.
അരുൺ ആനന്ദ് ഡ്രൈവ് ചെയ്താണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷർട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്തു ഉറയ്ക്കുന്നുണ്ടായിരുന്നില്ല. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് സജ്ജരായി എത്തിയെങ്കിലും അരുൺ അവരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു.
അമ്മയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫോൺ വിളിച്ച് ആശുപത്രിക്കു ചുറ്റിലും യുവതി നടക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറയുന്നു. സംശയം തോന്നിയതോടെ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുണും യുവതിയും പരസ്പരവിരുദ്ധമായ മൊഴികൾ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. മെഡിക്കൽകോളേജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുണും തയ്യാറായില്ല.
പൊലീസിനോടും ജീവനക്കാരോടും തർക്കിച്ച് പിന്നേയും അരമണിക്കൂർ പുറത്ത്. ഒടുവിൽ അരുണിനെ പൊലീസ് ബലമായി ആംബുലൻസിൽ കയറ്റി. കാർ എടുക്കാൻ പോയ യുവതിയെയും പിന്നീട് പൊലീസ് തന്നെ ആംബുലൻസിൽ കയറ്റുകയായിരുന്നു. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം സമയം അരുണും യുവതിയും ചേർന്ന് പാഴാക്കി എന്നാണു ദൃശ്യങ്ങളിൽനിന്നു തെളിയുന്നത്.