തൊടുപുഴ: ക്രൂരമായി മർദ്ദിച്ച ശേഷം അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഏഴുവയസുകാരന്റെ ചികിത്സ മനഃപൂർവ്വം വൈകിപ്പിക്കാനും പ്രതി അരുൺ ആനന്ദ് ശ്രമിച്ചതായി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു.
കുട്ടിയുമായി കാറിൽ മദ്യലഹരിയിൽ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടർമാരുമായി വഴക്കിട്ടു. ആംബുലൻസിൽ കയറാതിരിക്കാനും ശ്രമിച്ചു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങളിൽ ഉള്ളത്.
പ്രതി അരുൺ ആനന്ദ് ഡ്രൈവ് ചെയ്താണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷർച്ച് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകൾ നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല. പിന്നീട് സ്ട്രെച്ചറിൽ യുവതി കുട്ടിയുമായി ആശുപത്രിക്കുള്ളിലേക്ക്. അരമണിക്കൂറിനുള്ളിൽ ഡോക്ടർമാർ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുൺ ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. സംശയം തോന്നിയതോടെ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുൺ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികൾ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ കുട്ടിയെ ആംബുലൻസിൽ കയറ്റിയെങ്കിലും കൂടെകയറാൻ യുവതിയും അരുൺ ആനന്ദും തയ്യാറായില്ല.
ഒടുവിൽ അരമണിക്കൂരിന് ശേഷം അരുണിനെ പൊലീസ് ബലമായി ആംബുലൻസിൽ കയറ്റി. കാർഎടുക്കാന്‍ പോയ യുവതിയേയും പിന്നീട് പൊലീസ് തന്നെ ആംബുലൻസിൽകയറ്റുകയായിരുന്നു. വിദഗ്ദ്ധചികിത്സ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു ദൃശ്യങ്ങളിൽ കാണുന്നത്.