paravur

പരവൂർ: പതിനേഴുകാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാക്കളെ പരവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റ് നിവാസികളും അയൽവാസികളുമായ രാജേഷ് (23), ജാൻസുദ്ദീൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാജേഷുമായി പ്രണയത്തിലായ പെൺകുട്ടി വീട്ടുകാരുമായി പിണങ്ങി ഒന്നര വർഷത്തിലധികമായി ഇയാളോടൊപ്പമായിരുന്നു താമസം. അതേസമയം ഇവരുടെ അയൽവാസിയായിരുന്ന ജാൻസുദ്ദീൻ മൊബൈൽ ഫോൺ വഴി പെൺകുട്ടിയുമായി പരിചയത്തിലാകുകയും രാജേഷ് വീട്ടിലില്ലാത്ത സമയങ്ങളിൽ പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ഭർത്താവിന് പെൺകുട്ടിയുമായുള്ള ബന്ധം കണ്ടെത്തിയ ജാൻസുദ്ദീന്റെ ഭാര്യ പെൺകുട്ടിയുമായി വാക്കേറ്റത്തിലേർപ്പെടുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു.

ഇതോടേയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് രാജേഷും പെൺകുട്ടിയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. അപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. തുടർന്ന് രാജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് ജാൻസുദ്ദീനുമായുള്ള ബന്ധം മനസിലാക്കിയ പൊലീസ് ഇയാളെയും കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും പേരിൽ വെവ്വേറേ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.