thodupuzha-

തൊടുപുഴ: അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ തൊടുപുഴയിലെ ഏഴ് വയസുകാരന്റെ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുകൾ ഉള്ളതായി പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയിലെ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനെ അരുൺ എതിർത്തു. കുട്ടിയുടെ അമ്മയെയും ആംബുലൻസിൽ കയറാൻ അരുൺ അനുവദിച്ചില്ല. ആശുപത്രി അധികൃതരുമായി തർക്കിച്ച് അര മണിക്കൂർ നേരമാണ് അരുൺ പാഴാക്കിക്കളഞ്ഞത്.

കുട്ടിയുടെ ചികിത്സ ഒന്നര മണിക്കൂര്‍ വൈകിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ണ്ട്. കുട്ടിയുടെ വീട്ടുകാർ ആശുപത്രി അധികൃതരുമായി സഹകരിച്ചില്ല. ഇതും മരണത്തിന് കാരണമായി. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകി. തലയോട്ടിയുടെ ഇരുവശത്തും ഗുരുതരമായ മുറിവുകളുണ്ട്. കുട്ടിയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ പാടുകളുണ്ട്. മർദ്ദനത്തിൽ തലയോട്ടി പിളർന്നിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയിൽ സംഭവിക്കുന്ന പരിക്കല്ല ഇത്. അതിനേക്കാൾ ഗുരുതരമാണെന്നും പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പ്രതിയായ അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ കുട്ടി പത്ത് ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.35 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ഇന്ന് 4.30 ഓടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ.