sonia

ന്യൂഡൽഹി: ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേും കടന്നാക്രമിച്ച് യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി. ബി.ജെ.പി ഭരണഘടനാ സംവിധാനങ്ങളെ നശിപ്പിച്ചെന്നും വിയോജിപ്പുകൾക്ക് ഇടമില്ലാതാക്കിയെന്നും സോണിയ ആഞ്ഞടിച്ചു. ഡൽഹി തൽക്കട്ടോര സ്റ്റേഡിയത്തിൽ നടന്ന ''പീപ്പിൾസ് അജണ്ട-ജൻ സരോക്കർ 2019" എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ.

''ദേശസ്‌നേഹത്തിന് മറ്റൊരു നിർവചനം കൂടിയുണ്ടെന്ന് അവർ ജനങ്ങളെ പഠിപ്പിച്ചു. നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് ഇന്ന് ദേശസ്‌നേഹികളെന്ന് വിളിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്കുവേണ്ടി അവസരങ്ങൾ സൃഷ്ടിക്കുന്നതിലല്ല സർക്കാരിന്റെ ലക്ഷ്യം. മറിച്ച് വ്യവസായികൾക്കുവേണ്ടി രാഷ്ട്രീയം കളിക്കുന്നതിലാണ് അവരുടെ ശ്രദ്ധ. " സോണിയ ആരോപിച്ചു. വിയോജിപ്പുകളെ മാനിക്കാൻ കേന്ദ്രം തയാറല്ല. സ്വന്തം വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുന്നവർ ആക്രമിക്കപ്പെടുമ്പോൾ സർക്കാർ ഓടിയൊളിക്കുകയാണ് ചെയ്യുന്നത്. ആസൂത്രിത ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെത്തന്നെ തകർക്കാൻ ശ്രമിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. സോണിയ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും നിഷ്പക്ഷ സർക്കാരാണ് രാജ്യത്തിനു വേണ്ടതെന്നും വർഷങ്ങളുടെ പാരമ്പര്യമുള്ള മതേതരത്വവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് തനിക്ക് ഒരു സംശയവുമില്ലെന്നും കോൺഗ്രസ് സർക്കാരിൽ പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക സംവിധാനം ഉണ്ടാവുമെന്നും അവർ പറഞ്ഞു.