ബലോഡ്(ചത്തീസ്ഗഡ്): കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാൽ അഫ്സ്പാ നിയമവും സുരക്ഷാസേനയുടെ അധികാരങ്ങളും പുനപരിശോധിക്കുമെന്ന് പറഞ്ഞത് രാജ്യത്ത് ഭീകരരെ സഹായിക്കാൻ വേണ്ടിയാണെന്ന് മോദി ആരോപിച്ചു. ചത്തീസ്ഗഡിലെ ബലോഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ഭീകരവാദികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് കോൺഗ്രസും സഖ്യകക്ഷികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് ഭീകരാക്രമണമുണ്ടായാൽ ശക്തമായ ഭരണകൂടത്തിന് മിണ്ടാതിരിക്കാനാവില്ല. ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ ശിക്ഷിക്കപ്പെട്ടപ്പോൾ അഭിമാനം തോന്നിയില്ലേ?ശക്തമായ സർക്കാരിനേ ഭീകരവാദികളെ ശിക്ഷിക്കാനും വികസനം കൊണ്ടുവരാനും കഴിയൂ. മോദി പറഞ്ഞു. ഭീകരവാദികളെയും വിഘടന വാദികളെയും ബി.ജെ.പി ശിക്ഷിക്കുകതന്നെ ചെയ്യും. കാവൽക്കാരന്റെ സർക്കാരാണോ അഴിമതിക്കാരുടെ ഘോഷയാത്രയാണോ വേണ്ടത്.? ശക്തമായ സർക്കാർ ഭരിക്കുന്ന കാലത്ത് മിന്നലാക്രമണവും വ്യോമാക്രമണവും നടന്നു. ലോകം മുഴുവൻ അതിന് സാക്ഷികളായി. കോൺഗ്രസിന്റേത് നല്ല ലക്ഷ്യങ്ങളല്ല. മോദി പറഞ്ഞു. കോൺഗ്രസിന്റെ നാടുവാഴിമാർ സുരക്ഷിതസ്ഥാനങ്ങൾ തിരക്കി ഓടിപ്പോയെന്നും മോദി പരിഹസിച്ചു.