കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലൂടെ ദേശീയ ശ്രദ്ധ നേടിയ വയനാട് മണ്ഡലത്തിലെ കർഷകർ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം. മാവോയിസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത് ലഘുലേഖ പുറത്തിറക്കിയത്. സി.പി.ഐ. മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെ പേരിൽ പുറത്തുവന്ന ലഘുലേഖ കൽപ്പറ്റ പ്രസ് ക്ലബിൽ തപാൽമാർഗമാണ് എത്തിയത്.
മാറിവരുന്ന സർക്കാരുകൾ കർഷകവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും അതിനാൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുമാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായതിനാൽ അതീവഗൗരവത്തോടെയാണ് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
ആഴ്ചകൾക്ക് മുമ്പ് വയനാട്ടിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനുമുമ്പാണ് ലക്കിടിയിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ വധിച്ചത്. ഈ സംഭവത്തിനുശേഷം വയനാട്ടിൽ സുരക്ഷ ശക്തമാക്കിയിരുന്നു.