തൃശൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകൻ കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിന് പിറകിലായി ഏറ്റ ആഴത്തിലുള്ള നാല് കുത്തുകളാണ് മരണത്തിന് കാരണമായത്. ഇതോടെ ശബ്ദം തടസപ്പെടുകയും ചലനശേഷിയെ ബാധിക്കുകയും ചെയ്തു. കൈകളിലും, വയറ്റിൽ പൊക്കിളിനോട് ചേർന്നും കുത്തുകളുണ്ട്. ശരീരത്തിൽ 65 ശതമാനം പൊള്ളലേറ്റിരുന്നു. തടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൈകളിലും മുറിവേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ കൊലപാതകം ആസൂത്രണം ചെയ്താണ് പോയതെങ്കിലും നീതുവുമായി സംസാരിച്ചതോടെ മനംമാറ്റമുണ്ടായെന്ന് പ്രതി നിതീഷ് പൊലീസിന് മൊഴി നൽകി. എന്നാൽ നീതു കുളിക്കാൻ കയറിയ നേരത്ത് മൊബൈൽ ഫോണിൽ വീണ്ടും തർക്കത്തിന് കാരണമായ ആളുടെ സന്ദേശങ്ങളും, തുടരെയുള്ള വിളികളും കണ്ടത് വീണ്ടും പ്രകോപനത്തിന് കാരണമായി. കുളിമുറിയുടെ വാതിൽ തുറന്നയുടൻ നീതുവിനെ കുത്തുകയും തീ കൊളുത്തുകയും ചെയ്തുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. റിമാൻഡിൽ കഴിയുന്ന ഇയാളെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.