പഞ്ചാബിനെതിരെ ചെന്നൈക്ക് വിജയം
ചെന്നൈ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 22 റൺസിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് തോറ്റതിന്റെ ക്ഷീണം മാറ്രാനുറച്ചിറങ്ങിയ ചെന്നൈക്കായി ടോസ് നേടിയ നായകൻ എം.എസ്.ധോണി ബാറ്രിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഫാഫ് ഡുപ്ലെസിന്റെ ( 38 പന്തിൽ 54) അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ അവർ നിശ്ചിത ഇരുപതോവറിൽ 160/3 എന്ന ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ. 138 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓഴറിൽ ഒരു മെയ്ഡനുൾപ്പെടെ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ വെറ്റ്റൻ സ്പിന്നർ ഹർഭജൻസിംഗാണ് പഞ്ചാബിനെ പിടിച്ചു കെട്ടിയത്.
ഷേൻ വാട്സണും ( 24 പന്തിൽ 26) ഡുപ്ലെസിസും കൂടി ഭേദപ്പെട്ട തുടക്കമാണ് ചെന്നൈക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. 8മത്തെ ഓവറിലെ രണ്ടാം പന്തിൽ വാട്സണെ സാം കറന്റെ കൈയിൽ എത്തിച്ച് ആർ. അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ സുരേഷ് റെയ്‌നയ്ക്കൊപ്പം (17) ഡുപ്ലെസിസ് പ്രശ്നമില്ലാതെ ചെന്നൈയെ മുന്നോട്ട് കൊണ്ടുപോയി. ടീം സ്കോർ 100ൽ വച്ച് ഡുപ്ലെസിസ് അശ്വിന്റെ പന്തിൽ മില്ലർക്ക് ക്യാച്ച് നൽകി മടങ്ങി. 2ഫോറും 4 സിക്സും ഉൾപ്പെട്ടതായിരുന്നു ഡുപ്ലെസിസിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തിൽ റെയ്നയെ ക്ലീൻബൗൾഡാക്കി അശ്വിൻ പഞ്ചാബിനെ ഇരട്ട ബ്രേക്ക് ത്രൂ നൽകി.
എന്നാൽ ഈ ആനുകൂല്യം മുതലാക്കാൻ പഞ്ചാബിനായില്ല. പിന്നീട് ക്രീസിൽ ഒന്നിച്ച എം.എസ്.ധോണിയും( 23 പന്തിൽ 37), അമ്പാട്ടി റായ്ഡുവും (15 പന്തിൽ 21) വിക്കറ്റ് നഷ്ടപ്പെടുത്താതെ ചെന്നൈയെ നല്ല ടോട്ടലിൽ എത്തിക്കുകയായിരുന്നു. അശ്വിനാണ് ചെന്നൈയുടെ മൂന്ന് വിക്കറ്റും വീഴ്ത്തിയത്.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ ഹർഭജൻ സിംഗ് സ്പിൻ കെണിയൊരുക്കി തുടക്കത്തിലേ സമ്മർദ്ദത്തിലാക്കുകയായിരുന്നു.രണ്ടാമത്തെ ഓവറിലെ നാലാം പന്തിൽ വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിനെ (5) പുറത്താക്കിയാണ് ഹർഭജൻ ആദ്യ വെടിപൊട്ടിച്ചത്.ധോണിയാണ് ക്യാച്ചെടുത്തത്. ഒരു പന്തിന്റെ ഇടവേളയിൽ മായങ്ക് അഗർവാളിനെയും (0) പുറത്താക്കി ഹർഭജൻ ചെന്നൈക്ക് മേൽക്കൈ നൽകി. ഡുപ്ലെസിസാണ് ക്യാച്ചെടുത്തത്. 2/7 എന്ന നിലയിൽ തകർന്ന പഞ്ചാബിനെ രാഹുലും (47 പന്തിൽ 55), യുവതാരം സർഫ്രാസ് അഹമ്മദും (59 പന്തിൽ 67) തകർച്ചയിൽ നിന്ന് കരകയറ്രി. എന്നാൽ റൺറേറ്ര് വലിയതോതിൽ ഉയർത്താൻ കഴിഞ്ഞില്ല. ടീം സ്കോർ രാഹുലിനെ ജഡേജയുടെ കൈയിൽ ഒതുക്കി കുഗ്ഗെല്ലെയിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സർഫ്രാസിനെയും കുഗ്ഗെല്ലെയിൻ തന്നെയാണ് പുറത്താക്കിയത്.ഡേവിഡ് മില്ലറിനെ ദീപക് ചാഹർ ക്ലീൻബൗൾഡാക്കി.