teen
ടീന ആൻറണി

കുട്ടനാട്: പള്ളി സെമിത്തേരിയിൽ അപ്പൂപ്പന്റെ കല്ലറയിൽ പ്രാർത്ഥിക്കുന്നതിനിടെ സമീപത്തെ കല്ലറയിലെ മെഴുകുതിരിയിൽ നിന്നു വസ്ത്രത്തിലേക്കു തീ പടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാംക്ളാസുകാരി മരിച്ചു.വേഴപ്ര വില്ലുവിരുത്തിയിൽ ആന്റണി -ലീന ദമ്പതികളുടെ മകളും ചമ്പക്കുളം ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ ടീന ആന്റണിയാണ് (9) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30ന് വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോൾസ് പള്ളിയിലെത്തിയ ബാലിക കല്ലറയിൽ പൂക്കൾ അർപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചതോടെ പള്ളി ഭാരവാഹികളും സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് തീ കെടുത്തി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 70 ശതമാനത്തിലധികം പൊള്ളലേറ്റ ബാലിക ഇന്നലെ വൈകിട്ട് നാലോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേഴപ്ര സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ. ടോം, ടെസ എന്നിവർ സഹോദരങ്ങളാണ്.