അങ്കമാലി ഡയറീസ് എന്ന് സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് ടൈറ്റിൽ റോളിലെത്തുന്ന തമിഴ് വെബ് സിരീസ് 'ഒാട്ടോ ശങ്കറി'ന്റെ ടീസർ പുറത്തിറങ്ങി. ഒരുകാലത്ത് തമിഴ്നാടിനെ വിറപ്പിച്ച സീരിയൽ കില്ലർ ഒാട്ടോ ശങ്കറിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ രംഗങ്ങളാണ് ടീസറിൽ ഉള്ളത്. അപ്പാനി ശരതിന്റെ വേറിട്ട മുഖമാണ് ഓട്ടോ ശങ്കറിൽ കാണുന്നത്.
രംഗനാണ് സീരിസിന്റെ സംവിധാനം നിർവഹിക്കുന്നത്. മനോജ് പരമഹംസയാണ് ഛായാഗ്രഹണം.
1980കളുടെ അവസാനത്തിൽ ചെന്നൈയിലെ ഗുണ്ടാ നേതാവായിരുന്ന ശങ്കറിന്റെയും ഗ്യാംഗിന്റെയും കഥയാണ് ഒാട്ടോ ശങ്കർ. മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം ജീവിത മാർഗം തേടിയാണ് വെല്ലൂർ സ്വദേശിയായ ഒാട്ടോ ശങ്കർ എന്നറിയപ്പെടുന്ന ഗൗരി ശങ്കർ ചെന്നൈയിലെത്തുന്നത്. പെയിന്റിംഗ് ജോലിയും തുടർന്ന് റിക്ഷാ തൊഴിലാളിയുമായിരുന്ന ശങ്കർ മദ്യനിരോധനത്തിന് ശേഷമാണ് ഒാട്ടോറിക്ഷയിൽ ചാരായം കടത്ത് തുടങ്ങിയത്.