rahul-and-sushama-

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ഗാന്ധിനഗറിൽനിന്ന് ബി.ജെ.പി ചവിട്ടിപ്പുറത്താക്കി എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിന് പിന്നാലെയാണ് അദ്വാനി തങ്ങൾക്ക് പിതൃതുല്യനാണെന്നും രാഹുലിന്റെ പരാമർശം വേദനിപ്പിച്ചതായും ചൂണ്ടിക്കാട്ടി സുഷമ രംഗത്തെത്തിയത്.

മോദി അദ്വാനിയെ അപമാനിച്ചെന്നും ഗുരുവിനെ അപമാനിക്കുന്നത് ഹിന്ദു സംസ്കാരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ പറഞ്ഞത്. അദ്വാനിയുടെ സ്ഥിരം മണ്ഡലമായിരുന്ന ഗാന്ധിനഗറിൽ ഇത്തവണ മത്സരിക്കുന്നത് ബി.ജെ.പി അദ്ധ്യക്ഷൻ അമിത്‌ഷായാണ്. പ്രായാധിക്യം കാരണം അദ്വാനിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ബി.ജെ.പി ഒഴിവാക്കിയിരുന്നു.