മാന്നാർ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ചെന്നിത്തല പഞ്ചായത്ത് വലിയകുളങ്ങര വടക്കേ തോപ്പിൽ ശ്രിജിത്ത് (32) നെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ രക്ഷപ്പെടുത്താൻ ബി.ജെ.പി പ്രാദേശിക നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്തെ ബി.ജെ.പി പ്രവർത്തകനാണ് അറസ്റ്റിലായ ശ്രീജിത്ത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
വീടിന്റെ മേൽക്കൂരയിൽ കയറിയ ഇയാൾ ഓടിളക്കി മുറിക്കുള്ളിൽ കയറി ഉറക്കത്തിലായിരുന്ന വൃദ്ധയെ കടന്ന് പിടിക്കുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റ വയോധിക തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുൻപും വയോധികയുടെ നേരെ ഇത്തരത്തിലുള്ള ആക്രമണം നടത്തിയിട്ടുണ്ട്.
മർദ്ദനമേറ്റ ഇവർ തന്റെ മകളോടെ സംഭവം പറയുകയും മാന്നാർ പൊലീസിൽ പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ വീട്ടിലെ സിസിടിവി പരിശോധനയിൽ പ്രതിയുടെ ചിത്രം തെളിയുകയും പ്രതിയെ പിന്നീട് വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.