ipl

ചെന്നൈ: ഐ.പി.എല്ലിന്റെ ഈ സീസണിലെ എല്ലാ മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു. ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരവും ഇത്തരത്തിലൊന്നായിരുന്നു. എന്നാൽ മത്സരത്തിനിടെ കിംഗ്സ് ഇലവന്റെ താരം ലോകേഷ് രാഹുലിനെ ഭാഗ്യംതുണച്ചത് ഇരുടീമുകളും കാണികളും അമ്പരപ്പോടെയാണ് കണ്ടത്.

മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. ജഡേജയുടെ പന്തിൽസ്വീപ്പിനു ശ്രമിച്ച രാഹുൽ റണ്ണിനായി ക്രീസിന് പുറത്തിറങ്ങി. പെട്ടെന്നു തന്നെ പന്ത് കൈക്കലാക്കിയ ധോണി തിരിഞ്ഞു നോക്കാതെ വിക്കറ്റിലേക്കെറിഞ്ഞു. പന്ത് വിക്കറ്റിൽ കൊള്ളുമ്പോൾ രാഹുലിന്റെ ബാറ്റ് വിക്കറ്റിന്റെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. എന്നാൽ പന്ത് തട്ടി വിക്കറ്റിലെ എൽ.ഇ.ഡി ലൈറ്റ് തെളിഞ്ഞിട്ടും ബെയ്ൽസ് ഒന്ന് അനങ്ങിയതുപോലുമില്ല.

അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. ബെയ്ൽസ് ഇളകാത്തതു കാരണം രാഹുൽ ക്രീസിൽ തുടരുകയായിരുന്നു. രാഹുല്‍ 41 റൺസെടുത്തു നില്‍ക്കുമ്പോഴായിരുന്നു ഇത്. മത്സരത്തിൽ 47 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 55 റൺസെടുത്താണ് രാഹുൽ പുറത്തായത്.

മത്സരത്തിൽ ചെന്നൈ 22 റൺസിന് ജയിച്ചു. 20 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്ത ചെന്നൈയ്ക്കെതിരെ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ.