ന്യൂഡൽഹി: നോട്ടുനിരോധനം തനിക്കെതിരെ തിരഞ്ഞെടുപ്പ് വിഷയമാക്കിയാൽ പ്രതിപക്ഷം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനത്തിന്റെ ഫലത്തിൽ താൻ തൃപ്തനാണെന്നും ദേശീയ താത്പര്യം മുൻനിറുത്തിയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു. ആർക്കും തൊടാൻ കഴിയാത്ത ഒരു പുഴുക്കുത്തായിരുന്നു കള്ളപ്പണം. രാഷ്ട്രീയ സമവാക്യങ്ങൾക്ക് നോട്ട് നിരോധനം ചേരില്ല. എന്നാൽ ദേശതാത്പര്യം മുൻനിറുത്തി താൻ ആ തീരുമാനത്തിനു മുതിരുകയായിരുന്നു. നാലര വർഷത്തിനിടെ കള്ളപ്പണത്തിനെതിരേ കൈക്കൊണ്ട നടപടികളിലൂടെ 1.3 ലക്ഷം കോടി രൂപയാണു പിടിച്ചെടുക്കാൻ കഴിഞ്ഞത്. നികുതി അടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയാക്കാനും കഴിഞ്ഞെന്ന് മോദി അവകാശപ്പെട്ടു.
നോട്ട് നിരോധനം തൊഴിലില്ലായ്മ വർദ്ധിപ്പിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത് കണക്കുകളിലെ പിഴവാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റോഡ് നിർമ്മാണം ഇരട്ടിയായി. റെയിൽവേ ജോലികൾ ഇരട്ടിയായി. ഇന്ന് ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തിന്റെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബാണ്. തൊഴിലില്ലാതെ ഇത് സാദ്ധ്യമല്ല. പശ്ചിമ ബംഗാൾ, കർണാടക, ഒഡീഷ സംസ്ഥാനങ്ങൾ തൊഴിൽ വർദ്ധിപ്പിച്ചെന്ന് അവകാശപ്പെടുന്നു. എന്നാൽ കേന്ദ്രത്തിന് ഇതു സാധിക്കില്ലെന്നും അവർപറയുന്നു- മോദി കുറ്റപ്പെടുത്തി.