real-madrid

സ്പാനിഷ് ലാലിഗയിൽ റയലിന് ജയം

ബെൻസേമയ്ക്ക് ഇരട്ടഗോൾ

മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് റയൽ മാഡ്രിഡ് എയ്ബറിനെ കീഴടക്കി. ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയുടെ ഇരട്ടഗോളുകളാണ് റയലിന് ജയമൊരുക്കിയത്. ബെൻസേമയുടെ മറ്റ് രണ്ട് തവണ കൂടി എയ്ബർ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു.

മാർക്കോ കാർഡോണയാണ് എയ്ബറിന്റെ സ്കോറർ. തുടക്കത്തിൽത്തന്നെ ബെൻസേമ എയ്ബറിന്റെ വലകുലുക്കിയെങ്കിലും റഫറി ഒഫ് സൈഡ് വിളിച്ചു. മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്ന റയലിനെ ഞെട്ടിച്ച് മുപ്പത്തൊമ്പതാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി എയ്ബർ ലീഡെടുത്തു. റയലിന്റെ പോസ്റ്റിന് തൊട്ടുമുന്നിൽ കിട്ടിയ പന്ത് അഡ്വാൻസ് ചെയ്ത ഗോൾകീപ്പർ കെയ്ലർ നവാസിനെ നിഷ്പ്രഭനാക്കി ബാഴ്സലോണയിൽ നിന്ന് ലോണിൽ എയ്ബറിലെത്തിയ കാർഡോണ ഗോളാക്കിമാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ബെൻസേമ എയ്ബറിന്റെ ഗോൾവലകുലുക്കിയെങ്കിലും റഫറി ഓഫ് വിധിച്ചു.

തൊട്ടു പിന്നാലെ മാർ‌ക്കോ അസൻസിയോയുെട ക്രോസിന് പറന്ന് തലവച്ച് ബെൻസേമ റയലിന് സമനില നൽകുകയായിരുന്നു. 81-ാം മിനിറ്റിൽ ടോണി ക്രൂസിന്റെ ക്രോസിന് പറന്ന് തലവച്ച് ബെൻസേമ റയലിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ വലൻസിയയോടെ തോറ്റ സിദാനും സംഘത്തിനും ഈ ജയം തിരിച്ചുവരവ് കൂടിയായി.