തീർത്ഥാ നിർമ്മൽ, മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ പേര്. ബധിരതയെ തോൽപ്പിക്കുകയും അതേ പ്രശ്നമുള്ള ഒരുപാട് പേർക്ക് പ്രചോദനമാവുകയും ചെയ്ത ഒരു മിടുക്കി. ജന്മനാ ഉണ്ടായ കുറവ് വേദനയല്ലെന്ന് തിരിച്ചറിയുകയും അതിനെ പ്രണയിച്ച്, ജീവിതത്തോട് പൊരുതി ഇന്നവൾ മിടുമിടുക്കിയായി. ഒരാൾക്ക് ഒരായിരം സ്വപ്നങ്ങൾക്ക് സംഗീതവും പ്രകാശവുമാകാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. പക്ഷേ, തീർത്ഥയ്ക്ക് അതിന് കഴിഞ്ഞു. ശബ്ദം അന്യമായവരുടെ ശബ്ദവും താളവുമാകാനുള്ള പരിശ്രമത്തിലാണ് തീർത്ഥയും സൈൻ നെക്സ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും. 'ഇന്ത്യയിലെ ആദ്യത്തെ ബധിരയായ വനിത സംരംഭക" എന്നാണ് തീർത്ഥയുടെ മേൽവിലാസം. തീർത്ഥയ്ക്കൊപ്പം പറയേണ്ട പേരുകളാണ് കിംഗ്സ്ലി ഡേവിഡിന്റേതും പ്രവീജിന്റേതും. കേൾവി, സംസാര വൈകല്യം നേരിടുന്നവരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ വേണ്ടി പരിശ്രമിക്കുന്ന മറ്റു രണ്ടുപേർ. എന്തുകൊണ്ട് സൈൻ നെക്സ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനി എന്നു ചോദിച്ചാൽ അതിന് തീർത്ഥയുടെ ഉത്തരം ഇതാണ്.
''കേൾവിയിലോ സംസാരത്തിലോ വൈകല്യമുള്ളവർ ഇന്നും സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നില്ല. അവരെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നത് തികച്ചും ശ്രമകരമായ ഒരു കാര്യമാണ്. നിത്യജീവിതത്തിൽ പോലും അവരുടെ മനസിലുള്ള ആശയങ്ങൾ മറ്റുള്ളവരിലേക്ക് വിജയകരമായി കൈമാറാൻ അവർക്ക് കഴിയുമായിരുന്നില്ല. അതിനൊക്കെയുള്ള ഒരു പരിഹാരമെന്ന നിലയ്ക്കാണ് സൈൻ നെക്സ്റ്റിനെ അവതരിപ്പിച്ചത്"". തീർത്ഥ തന്റെ സ്വപ്നം പങ്കുവച്ചു തുടങ്ങി.
''കുട്ടിക്കാലം മുതലേ ബധിരത വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഏറ്റവും വിഷമിച്ചത് സ്കൂൾ കാലഘട്ടത്തിലാണ്. അവിടെയുള്ള അദ്ധ്യാപകർക്ക് പലപ്പോഴും ഫലപ്രദമായ രീതിയിൽ ബധിരരോട് ആശയവിനിമയം നടത്താൻ സാധിച്ചിരുന്നില്ല. തിരിച്ച് അങ്ങോട്ടും അതേ പ്രശ്നം തന്നെയായിരുന്നു. അന്നും എനിക്കറിയില്ല എന്റെ ഭാഷ സൈൻ ലാംഗ്വേജ് ആണെന്ന്. ആ തിരിച്ചറിവുണ്ടാകുന്നത് ബിരുദ പഠനത്തിനായി നിഷിലെത്തിയപ്പോഴാണ്. അതുവരെ ഞാൻ വിചാരിച്ചത് ഇത് എന്റെ മാത്രം പ്രശ്നമാണ് എന്നാണ്. നിഷിൽ പഠിക്കാനെത്തിയപ്പോൾ മനസിലായി എന്റെ മാത്രമല്ല എന്നെ പോലെ ഒരുപാട് പേർക്ക് ഇതേ പ്രശ്നമുണ്ടെന്ന്. ആ സമയത്ത് ഉപരിപഠനത്തേയും ജോലിയേയും ഭാവിയേയുമൊക്കെ കുറിച്ച് ചിന്തിക്കുമ്പോൾ പേടിയുണ്ടായിരുന്നു. അന്നും ഒരു നല്ല ജോലി വേണം, ബിസിനസ് ചെയ്യണം എന്നെല്ലാമാണ് മനസിൽ. എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. അപ്പോഴാണ് ദൈവാനുഗ്രഹം പോലെ കിംഗ്സ്ലി വിളിക്കുന്നത്. അങ്ങനെ സൈൻ നെക്സ്റ്റിന്റെ ഭാഗമായി. ഇന്ന് ബധിരതയുള്ള ഒരാൾ ആശയവിനിമയത്തിന് വിഷമിക്കുമ്പോൾ എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകും. ആ അവസ്ഥയിൽ നിന്ന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് എന്റേയും സൈൻ നെക്സ്റ്റിന്റെയും ലക്ഷ്യം.""
സ്വപ്നമായ ആശയവിനിമയം
ബധിരരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. അത് സാധ്യമാകുന്നത് വിദ്യാഭ്യാസം, നൈപുണ്യ വികസനം, ബോധവത്ക്കരണം എന്നിവയിലൂടെയാണ്. 'സമൂഹത്തിലെ മറ്റ് എല്ലാവരേയും പോലെ അവരവരുടെ കഴിവുകൾ വികസിപ്പിക്കാനും ആഗ്രഹിച്ച ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ബധിരർക്കും കഴിയണം." സൈൻ നെക്സ്റ്റിന്റെ സഹസ്ഥാപകനായ കിംഗ്സ്ലി പറയുന്നു. കിംഗ്സ്ലി പഠിച്ചതും വളർന്നതുമൊക്കെ ബധിരയായ ഒരു വല്യമ്മയുടെ ഒപ്പമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനും അവരുടെ ബുദ്ധിമുട്ടുകൾ മനസിലാവുമായിരുന്നു. പിന്നീട് അദ്ദേഹം ജോലി ചെയ്തിരുന്ന അന്താരാഷ്ട്ര കമ്പനിയിലും ബധിരരായ സഹപ്രവർത്തകരുണ്ടായിരുന്നു. 3000 പേർ ജോലി ചെയ്തിരുന്ന കമ്പനിയിൽ ബധിരത എന്ന കാരണത്താൽ മാറ്റി നിറുത്തപ്പെട്ടു. മറ്റുള്ളവരിൽ നിന്നും അകലെ ജീവിച്ചിരുന്ന അവരെകൂടി പൊതുസമൂഹത്തിനൊപ്പമെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 'ടോക്കിംഗ് ഹാന്റ്സ്" എന്ന പേരിൽ ഒരു പരിപാടി നടത്തി. അതിൽ കമ്പനിയിലുള്ള മറ്റ് ജോലിക്കാർക്കു കൂടി സൈൻ ലാംഗ്വേജിന്റെ പ്രാഥമിക പാഠങ്ങൾ പകർന്നു കൊടുത്തു. അതിലൂടെ കൈകൾ ഉപയോഗിച്ച് ബധിരരോട് ആശയവിനിമയം നടത്താനായി. ആഗോളതലത്തിൽ ടോക്കിംഗ് ഹാന്റ്സിന് വലിയ സ്വീകരണമാണ് കിട്ടിയത്. അങ്ങനെയാണ് ബധിരർക്ക് വിജയകരമായി ആശയവിനിമയം നടത്താനുള്ള മാർഗത്തെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് സൈൻ നെക്സ്റ്റ് എന്ന ആശയമുണ്ടായത്. സൈൻ നെക്സ്റ്റ് എന്ന ആശയവുമായി 2014ൽ അദ്ദേഹം അധികൃതരെ സമീപിച്ചിരുന്നു. ബധിരരോട് സംവദിക്കാൻ കഴിയുന്ന ഒരു മൊബൈൽ ആപ്ലിക്കേഷൻ ആയിരുന്നു ലക്ഷ്യം. അവർക്കാവശ്യമായ വിവരങ്ങൾ സൈൻ ലാംഗ്വേജിലുള്ള വീഡിയോ ആക്കി അപ് ലോഡ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ആ സമയത്ത് മൊബൈൽ നെറ്റ് വർക്കുകൾ 2G ആയിരുന്നു. കുറഞ്ഞ ഇന്റർനെറ്റ് വേഗതയിൽ വീഡിയോ പങ്കിടുക എന്നത് അസാദ്ധ്യമായതിനാൽ പദ്ധതി നടപ്പിലായില്ല. രണ്ടുവർഷത്തിനുശേഷം ആ അവസ്ഥ മാറി. കിംഗ്സ് ലിയുടെ വാക്കുകൾ അനുസരിച്ച് 4G വിപ്ലവകരമായ മാറ്റമുണ്ടാക്കിയത് ബധിരരുടെ ആശയവിനിമയ രംഗത്താണ്. സംസാരിക്കാനും കേൾക്കാനും കഴിയാത്തവർക്ക് ആശയവിനിമയം നടത്താനുള്ള ഏറ്റവും മികച്ച ഒരു പ്ലാറ്റ്ഫോമായി അത് മാറുകയായിരുന്നു. ആ സമയത്താണ് കിംഗ്സ് ലിയുടെ സഹപ്രവർത്തകനായി തീർത്ഥയുടെ ഭർത്താവ് സനു എത്തുന്നത്. ശബ്ദങ്ങൾ അകലെയാണ് സനുവിനും. അക്കാലത്ത് തീർത്ഥ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്) ൽ ലാബ് അസിസ്റ്റന്റായിരുന്നു. പിന്നീട് തീർത്ഥയും ഈ സംരംഭത്തിന്റെ ഭാഗമായി. പ്രവീജ് കുമാർ എന്ന സുഹൃത്തും കൂടെ ചേർന്നതോടെ സൈൻനെക്സ്റ്റ് എന്ന സ്വപ്നം സഫലമായി. സൈൻ സ്കൂൾ എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷനാണ് ആദ്യമായി രൂപപ്പെടുത്തിയത്. ഓരോ സാഹചര്യങ്ങൾ അനുസരിച്ചുള്ള വീഡിയോകളാണ് ഇതിന്റെ പ്രധാനഘടകങ്ങൾ. തിരുവനന്തപുരത്തെ ടെക്നോപാർക്കിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
പറന്നുയരാൻ സൈൻ സ്കൂൾ
കേൾവി സംസാരവൈകല്യമുള്ള ഒരാൾ കടന്നുപോകുന്ന സാഹചര്യങ്ങൾ മനസിലാക്കിയാൽ മാത്രമേ സൈൻ സ്കൂളിന്റെ ആവശ്യകതയെ കുറിച്ച് മനസിലാക്കാനാവൂ. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം എടുത്താൽ ബധിരയായ ഒരു ഗർഭിണി ഡോക്ടറെ കാണാൻ പോകുന്ന സാഹചര്യം ആലോചിച്ചു നോക്കൂ. അവർക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാവും. അവർക്കെങ്ങനെ അത് ഡോക്ടറോട് പറയാനാവും. അത് ഡോക്ടർ മനസിലാക്കുന്നതിനും പരിമിതികളുണ്ട്. ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആർത്തവശുചിത്വം, ചെറിയ കുട്ടികളുടെ പരിചരണം, മുലയൂട്ടൽ ഇവയെല്ലാം ഉൾപ്പെടുന്ന വീഡിയോകളാണ് ചെയ്യുന്നത്. സംസ്ഥാന സാമൂഹിക സേവനവകുപ്പ്, നിഷ്, നാഷണൽ ഹെൽത്ത് മിഷൻ, കേരളാ സ്റ്റാർട്ടപ്പ് മിഷൻ, ടെക്നോപാർക്ക്, യൂനിസെഫ്, ലോകാരോഗ്യ സംഘടന എന്നിവയുടെ സഹകരണത്തോടെയാണ് ഇത് തയ്യാറാക്കുന്നത്. വീഡിയോയ്ക്ക് വേണ്ടുന്ന വിവരങ്ങൾ വികാസ് പീഡിയയിൽ നിന്നും ശേഖരിച്ച് സൈൻ ലാംഗ്വേജിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള പരിശീലനവും സൈൻസ്കൂൾ വഴി നടപ്പാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകരായ ആശാവർക്കർമാർ വഴി വിദൂരസ്ഥലങ്ങളിലുള്ള ബധിരരിലേക്ക് എത്തിച്ചേരുക എന്നൊരു പദ്ധതി കൂടിയുണ്ട്. ഇന്ത്യയിൽ ഏകദേശം 1.8 കോടി ബധിരരുണ്ട്. അവരിൽ 3.5 ലക്ഷം മലയാളികളാണ്. അവർക്ക് മുന്നോട്ടുപോകാനുള്ള വഴിതെളിയിക്കാൻ തീർത്ഥയും കൂട്ടുകാരും മുന്നിൽ തന്നെയുണ്ടാകും. ബധിരരുടെ ക്ഷേമം എന്ന പേരിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും അവയൊന്നും ആവശ്യക്കാരിലെത്തുന്നില്ല. അവർക്ക് പുറംലോകത്തോട് സംസാരിക്കണമെന്നിൽ ഒരു പരിഭാഷകൻ വേണം. ഇന്ത്യയിലുള്ള രണ്ട് കോടി ബധിരർക്ക് കേവലം 400ൽ താഴെ പരിഭാഷകർ മാത്രമാണ് ഉള്ളത്. ആ അവസ്ഥയ്ക്ക് പരിഹാരമായി പുതിയൊരു ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ടീം സൈൻ നെക്സ്റ്റ്. ഇന്ത്യയിലെവിടെയുമുള്ള ഒരു ബധിരവ്യക്തിക്ക് സൈൻ നെക്സ്റ്റിന്റെ സപ്പോർട്ട് റൂമിലേക്ക് വീഡിയോ കോൾ ചെയ്യാം. ആശുപത്രിയിലോ ബാങ്കിലോ അങ്ങനെ എവിടെ നിന്നും. അവരുടെ ആവശ്യങ്ങൾ സൈൻ ലാംഗ്വേജിൽ സപ്പോർട്ട് സെന്ററിലുള്ള പരിഭാഷകനോട് പറയാം. അയാൾ അതിനെ വെർബൽ രൂപത്തിൽ തിരിച്ച് പറഞ്ഞു കൊടുക്കും. അതിലൂടെ അവരുടെ ആശയവിനിമയം ലളിതമാക്കാം. ബധിരതയുള്ള ഒരു കുട്ടിയെ സാധാരണ കുട്ടികളെ പോലെ വളർത്തിക്കൊണ്ട് വരണം. അത് ഒരു വലിയ വെല്ലുവിളിയാണ്. അത് നേരിടാൻ അവരെ പ്രാപ്തരാക്കുകയാണ് സൈൻനെക്സ്റ്റ്.
തീർത്ഥയുടെ വേറിട്ട വഴി
സൈൻ നെക്സ്റ്റിന്റെ സ്ഥാപകർ മൂന്ന് പേരാണ്. പക്ഷേ എന്തുകൊണ്ട് തീർത്ഥയെ കൂടുതൽ ഉയർത്തിക്കാട്ടുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ട്. ബധിരത എന്ന പേരിൽ സമൂഹത്തിന്റെ ഇരുളടഞ്ഞ മൂലയിലേക്ക് ഒതുങ്ങിപോകുന്നത് പലപ്പോഴും സ്ത്രീകളാണ്. തീർത്ഥ അവർക്ക് ഒരു പ്രചോദനമാകണം. തീർത്ഥയ്ക്ക് ആകുമെങ്കിൽ എനിക്കും കഴിയും എന്ന് ബധിരരായ ഓരോ വ്യക്തിയും ചിന്തിച്ചു തുടങ്ങണം. സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നോട്ടുവരാൻ അവർ തയ്യാറാകണം. അവർക്കെല്ലാം തീർത്ഥ ഒരു മാതൃകയാണ്. കോഴിക്കോട് സ്വദേശിയാണ് തീർത്ഥ. ആറാംമാസത്തിൽ വന്ന പനിയെ തുടർന്നാണ് ശബ്ദങ്ങൾ അന്യമായത്. തിരുവനന്തപുരത്തെ നിഷിലെ പഠനത്തിനിടെയായിരുന്നു തൃശൂരുകാരനായ സനുവിനെ പരിചയപ്പെട്ടത്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. സനു ഇപ്പോൾ ടെക്നോപാർക്കിലെ അലിയാൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒരു വയസുകാരിയായ ഇവയാണ് മകൾ. സനുവിന്റെയും തീർത്ഥയുടെയും ശബ്ദമാണിപ്പോൾ ഇവ. ശബ്ദമില്ലാതെ പോയവർ ധൈര്യത്തോടെ സ്വപ്നം കാണൂ എന്ന് ജീവിതം കൊണ്ട് തീർത്ഥ വിളിച്ചു പറയുന്നു.
l