മലയാളിയുടെ സമസ്ത സൗന്ദര്യ സങ്കല്പങ്ങളെയും തന്റെ ഭാവനയുടെ കനകകാന്തിയാൽ അലങ്കരിച്ച മഹാകവിയാണ് വയലാർ രാമവർമ്മ. പകരം വയ്ക്കാനൊക്കാത്ത അനനുകരണീയമായ കാവ്യ സൗകുമാര്യത്താലും പ്രതിഭാശേഷിയാലും അനുഗ്രഹീതനാണ് അദ്ദേഹം. ഒരു സ്ഥലനാമം ഒരു വ്യക്തിനാമമായും ഒരു കാവ്യസംസ്കൃതിയുടെ പൊതുനാമമായും പരിണമിക്കുന്ന അത്ഭുതപരിവർത്തന ദൃശ്യമാണ് വയലാറിലൂടെ നാം അനുഭവിച്ചറിഞ്ഞത്. ഒരു യാഥാസ്ഥിതിക ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ജി. രാമവർമ്മ തിരുമുൽപ്പാട് കേരളത്തിന്റെ അത്യുജ്ജ്വലമായ രാഷ്ട്രീയ - സാമൂഹിക - സാഹിത്യ ചരിത്രത്തിൽ പുരോഗമനത്തിന്റെ ശോണപതാകയുമായി നടന്നുതുടങ്ങിയത് ഒരു വലിയ ചരിത്രം.
കവി എന്ന നിലയിൽ മാത്രമല്ല ഗാനരചയിതാവ് കൂടിയായിട്ടാണ് വയലാറിനെ നമുക്ക് പരിചയം. എന്നാൽ, വയലാർ അപൂർവസുന്ദരമായി ഗദ്യവുമെഴുതുമായിരുന്നു. 'പുരുഷാന്തരങ്ങളിലൂടെ" എന്ന യാത്രാവിവരണവും 'കവിയുടെ ഡയറി", 'വെട്ടും തിരുത്തും", 'രക്തം കലർന്ന മണ്ണ്" ഇവയൊക്കെ അതിന് ഉദാഹരണങ്ങളാണ്... കവികൾ ഗദ്യമെഴുതുമ്പോൾ ഒരു പ്രത്യേകമായ ചാരുത അതിനുണ്ടാകുന്നു എന്നതിന് മലയാളത്തിൽ വേറെയും തെളിവുകളുണ്ടല്ലോ. വയലാർ രചിച്ച ലേഖനങ്ങൾ എന്തുകൊണ്ടോ വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടില്ല..
അതുപോലെ തന്നെ അദ്ദേഹം രചിച്ച ഓരോ ഗാനങ്ങളെയും ഒറ്റയൊറ്റയായി പഠനവിധേയമാക്കുമ്പോഴാണ് ഈ കവിയുടെ ജ്ഞാനത്തിന്റെ അഗാധത നമുക്ക് അനുഭവവേദ്യമാകുന്നത്. അത്തരത്തിൽ പഠനവിധേയമാക്കേണ്ട ഒരു ഗാനമാണ് 'ദുർഗ" എന്ന ചിത്രത്തിനുവേണ്ടി വയലാർ രചിച്ച് ദേവരാജൻ മാസ്റ്റർ ഈണമിട്ട് ഗാനഗന്ധർവൻ യേശുദാസും പി. മാധുരിയും സംഘവും ആലപിച്ച 'ഗുരുദേവാ ഗുരുദേവാ ശ്രീനാരായണഗുരുദേവ..." എന്നു തുടങ്ങുന്ന ഗാനം. വർഷങ്ങൾക്ക് മുമ്പ് വയലാർ അത്യുജ്ജ്വലമായ ഒരു ലേഖനം എഴുതിയിട്ടുണ്ട്. 'ശ്രീനാരായണ ഗുരുവിനെ രക്ഷിക്കുക"എന്നാണതിന്റെ തലക്കെട്ട്. അഭിനവ ആൾദൈവങ്ങളെ കണക്കറ്റ് പരിഹസിക്കുകയും ശ്രീനാരായണ ഗുരുവിന്റെ ദാർശനിക ഔന്നത്യത്തെ അത്ഭുതത്തോടെ നമസ്കരിക്കുകയും ചെയ്യുന്ന വയലാറിനെ പ്രസ്തുത ലേഖനത്തിൽ കാണാം. ലേഖനത്തിന്റെ അവസാന ഭാഗത്ത് വയലാർ പറയുന്നത് ഇങ്ങനെ ' മഹാകവി കുമാരനാശാൻ പറഞ്ഞതുപോലെ ഉഗ്രവ്രതനായ മുനി അചഞ്ചലനായി നിന്നു. ആളുകൾ നിലക്കണ്ണാടിക്കു വേണ്ടി ഓടി. ഏതോ ഒരു നഗരത്തിലെ ഒരു ക്രിസ്ത്യാനിയുടെ സ്റ്റേഷനറി കച്ചവടപ്പീടികയിൽ നിന്ന് ആരോ ഒരാൾ വാങ്ങിക്കൊണ്ടുവന്ന നിലക്കണ്ണാടി ആ ഗർഭഗൃഹത്തിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടേ ശ്രീനാരായണൻ മടങ്ങിയുള്ളൂ. കുളിച്ചീറൻ മാറാതെ നടയ്ക്കൽ ചെന്നു തൊഴുതുനിന്ന ഭക്തന്മാർ അവരുടെ തന്നെ പ്രതിരൂപങ്ങൾ അവരെ അഭിവാദനം ചെയ്യുന്നതാണ് കണ്ടത്. ഉപനിഷത്തിലെ 'തത്വമസി" എത്ര ലളിതമായി വ്യാഖ്യാനിച്ചിരിക്കുന്നു എന്ന് മോഹഭംഗം കൊണ്ട് അന്നാരും മനസിലാക്കിയില്ല.(ഗ്രന്ഥലോകം - വയലാർ പതിപ്പ് - പുറം -40, ഒക്ടോബർ 2001)
ശ്രീനാരായണഗുരുവിന്റെ തത്വദർശനവും ജീവിതദർശനവും സമൂഹപ്രതിബദ്ധതയും പുരോഗമന വീക്ഷണവും വയലാറിനെ എത്രമാത്രം ആകർഷിച്ചിരുന്നു എന്നും സ്വാധീനിച്ചിരുന്നു എന്നും വയലാറിന്റെ സർഗരുധിരത്തിലൂടെ ഗുരുസൂക്തികൾ ഒഴുകി എന്നും ഈ ഗാനത്തിലൂടെ നാം തിരിച്ചറിയും.
' ശ്രീനാരായണ ഗുരുദേവാ
ശ്രീനാരായണ ഗുരുദേവാ
ശിരസിൽ ശ്രീപാദപുഷ്പങ്ങൾ ചൂടിയ
ശിവഗിരി തേടി വരുന്നൂ ഞങ്ങൾ" - വയലാർ തന്റെ 'ശ്രീനാരായണ ഗുരു" എന്ന കവിതയിൽ പറഞ്ഞതുപോലെ വിശ്വസംസ്കാരത്തിന്റെ യജ്ഞമാരംഭിച്ച ആ ശിവഗിരിക്കുന്നിൻ നെറുകയിൽ നിന്നാണ് ഈ ഗാനത്തിന്റെ പിറവി.
'ഗുരുകുലം തേടി വരുന്നൂ
അദ്വൈതത്തിനെ പൂണൂലണിയിക്കും
ആര്യമതങ്ങൾ കേൾക്കേ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു
തിരുക്കുറൾ പാടിയ ഗുരുദേവാ"-
ശ്രീനാരായണ ഗുരു ഭാരതീയ സമൂഹത്തിൽ ചെലുത്തിയ ജ്ഞാനസ്വാധീനത്തിന് തെളിവാണ് ഈ വരികൾ. ആധുനിക കേരളം ചരിത്രത്തിന്റെ ഈറ്റില്ലത്തുനിന്ന് ചാപിള്ളയാകാതെ അംഗവൈകല്യമില്ലാതെ ഊർജ്ജസ്വലതയോടെ പുറത്തുവന്നത് ശ്രീനാരായണഗുരുവിന്റെ അതിനിപുണമായ പ്രസൂതിതന്ത്രപ്രയോഗമൊന്നുകൊണ്ടുമാത്രമാണ്. ഇത് അരക്കിട്ടുറപ്പിക്കുന്ന വരികളാണ് വയലാർ രചിച്ചിരിക്കുന്നത്.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരാകാശം ഒരു ഭേദവുമില്ലതിൽ" എന്ന് തിരുക്കുറൾ മാതൃകയിൽ (രണ്ടുവരിയിൽ ആശയം അവസാനിക്കുന്ന പദ്യമാണ് കുറൾ) രചിച്ച് ആഹ്വാനം ചെയ്ത ഗുരുവിന്റെ ശാന്തഗംഭീരമായ വചനസാഗരം വയലാറിൽ അലയടിക്കുന്നത് കാണാം.
'ഋഗ്വേദത്തിന് പുണ്യാഹം തളിക്കും
ഇല്ലപ്പറമ്പുകൾ കേൾക്കേ അവരുടെ
അന്ധവിശ്വാസങ്ങൾ കേൾക്കേ
മതമേതായാലും മനുഷ്യൻ നന്നാകുമ്പോൾ
ഉപദേശം നൽകിയ ഗുരുദേവാ"
നിൻ തിരുമൊഴികൾ ജയിക്കട്ടെ
നിന്റെ വെളിച്ചം നയിക്കട്ടെ
പുലരട്ടെ പുലരട്ടെ പുതിയൊരു ധർമ്മം
പുലരട്ടെ"- ഈ ഭാഗത്ത് ഗുരുവിന്റെ ഏറ്റവും പ്രധാന സൂക്തമായ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന വാക്യത്തെ ഉൾച്ചേർത്തുകൊണ്ട് ആധുനിക സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിപോലെ ഈ വരികളെടുത്തു കാട്ടുകയാണ് വയലാർ. ദുരഭിമാന കൊലകളും ആൾക്കൂട്ടകൊലപാതകവും വർദ്ധിക്കുകയും ജാതീയതയും മതാന്ധതയും അതിന്റെ സഹസ്രദന്തങ്ങളും ശതസഹസ്രനഖരങ്ങളുമായി കേരളത്തിന്റെ ആത്മശുദ്ധിയെ പിളർന്നു ചോരകുടിക്കുന്ന ഭാരതത്തിലങ്ങളോമിങ്ങോളം സാമൂഹിക അസമത്വങ്ങൾ നിലനിൽക്കുന്ന സമകാലിക സാഹചര്യത്തിൽ ഈ ചലച്ചിത്ര ഗാനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. വയലാർ രാമവർമ്മ ട്രസ്റ്റിന്റെ എല്ലാമെല്ലാമായ സി.വി. ത്രിവിക്രമൻ സാറാണ് ഈ ഗാനത്തെക്കുറിച്ച് എന്നോട് പറയുകയും ഒരു ലേഖനമെഴുതിയാൽ നന്നായിരിക്കും എന്ന് ഓർമ്മിപ്പിക്കുയും ചെയ്തത്. പലതവണ ഈ ഗാനം കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു പഠന സാധ്യതയെക്കുറിച്ച് അന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ലല്ലോ എന്നോർക്കുമ്പോൾ ചെറിയൊരു ദുഃഖമുണ്ട്. ഇത്തരത്തിൽ ഒരു ലേഖനം തയ്യാറാക്കുന്നതിനെക്കുറിച്ച് എന്റെ സുഹൃത്തും ജ്യേഷ്ഠ സഹോദരതുല്യനുമായ അഡ്വ. എസ്. എസ്. ഷാജിയോട് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു ' നല്ല കാര്യം. ആ ഗാനം സവിശേഷമായി പഠിക്കേണ്ടതാണ്. ഈ അടുത്തകാലം വരെ ഗുരുവിനെക്കുറിച്ചുണ്ടായ ഏറ്റവും പ്രഗത്ഭമായ ഒരു രചനയാണ് അത്. എല്ലാ ചതയദിനത്തിലും ഈ ഒരൊറ്റഗാനം മാത്രം കേൾപ്പിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. നല്ല ഉദ്യമമാണ് അനിയാ" - ഇത് ഇവിടെയെഴുതിയത് എഴുത്തുകാർക്കിടയിൽ മാത്രമല്ല, സാധാരണ ആസ്വാദകർക്കിടയിലും ഈ ഗാനം പ്രചുര പ്രചാരം നേടിയതിന് കാരണം അതിനുള്ളിൽ ജ്വലിച്ചു നിൽക്കുന്ന ശ്രീനാരായണ തത്വങ്ങളുടെ പ്രകാശം കൊണ്ടും അതിനെ ശരിയാംവണ്ണം കാട്ടിത്തരാൻ വയലാറിനെപ്പോലുള്ള ഒരു മഹാപ്രതിഭയ്ക്ക് സാധിച്ചു എന്നുള്ളതുകൊണ്ടുമാണ്. വയലാർ രാമവർമ്മയും ശ്രീനാരായണഗുരുവും തമ്മിൽ കണ്ടിരുന്നെങ്കിൽ അവരൊന്ന് സ്നേഹാശ്ലേഷണം ചെയ്തിരുന്നെങ്കിൽ എന്ന് ആത്മാവിൽ ആഗ്രഹിച്ചുപോകുന്നു. ഈ ഗാനത്തിന്റെ ശീതനദിയിൽ ഇറങ്ങിക്കയറിയപ്പോൾ അറിയാതെ തോന്നിപ്പോയ ഒരു ആഗ്രഹമാണ്.എന്നാൽ ഇപ്പോൾ ഞാനാനന്ദിക്കുന്നു. കാരണം ആശയം കൊണ്ടും ദാർശനിക സൗഭാഗ്യഗരിമകൊണ്ടും അവർ എന്നേ ആലിംഗനബദ്ധരായി കഴിഞ്ഞിരിക്കുന്നു. അത് പൂവിൽ സുഗന്ധം പോലെ കടലിൽ ലവണം പോലെ കാണാനാവില്ല. എന്നാൽ അനുഭവിക്കാൻ സാധിക്കും. അതുതന്നെയാണ് ഈ ഗാനത്തിന്റെ ധന്യതയും.
(ഫോൺ: 9544465542)