ഓരോ മൂങ്ങയെയും കാണുമ്പോൾ അത്ഭുതം തോന്നും. വലിപ്പച്ചെറുപ്പത്തിലേ വ്യത്യാസമുണ്ടാവാറുള്ളൂ. ജീവിതരീതികളും നോട്ടവും ഒക്കെ ഏതാണ്ട് ഒരുപോലെ തന്നെ. കുഞ്ഞൻ മൂങ്ങകളേക്കാൾ സ്വൽപ്പം കൂടെ വലിപ്പമുള്ള ഒരു മൂങ്ങയാണ് പൂച്ച മൂങ്ങ എന്ന ഷോർട് ഇയേർഡ് ഔൾ. കൊമ്പൻ മൂങ്ങയെ പോലെ ഇവയ്ക്കും ഉയർന്നു നിൽക്കുന്ന തൂവലുകൾ നിറഞ്ഞ ചെവിയാണ്. ചെവി ഉയർത്തുന്നത് ഏതെങ്കിലും അപകട ഭീഷണി തോന്നുമ്പോൾ മാത്രമാണ്. ഉരുണ്ട കണ്ണുകൾ കറക്കി ചുറ്റും നോക്കികൊണ്ടിരിക്കും. കേരളത്തിൽ അധികം കണ്ടിട്ടില്ല. പക്ഷേ മുൾച്ചെടികളും കുറ്റിക്കാടുകളും നിറഞ്ഞ വരണ്ട പ്രദേശങ്ങളിൽ ഇവയെ കാണാം. തമിഴ്നാട്ടിലും ഗുജറാത്തിലും മറ്റും കണ്ടിട്ടുണ്ട്. പുൽമേടുകളിലും മരുഭൂമിയിലും വരണ്ട ഭൂമിയിലും മറ്റും പൊക്കം കുറഞ്ഞ തണലുള്ള മുൾച്ചെടികളുടെ അടിയിലാണ് മിക്കവാറും ഇവയെ കണ്ടിട്ടുള്ളത്. ഒരു ചെറിയ പ്ലാസ്റ്റിക് സ്കെയിലിന്റെ നീളം. കൂടിപ്പോയാൽ 500 ഗ്രാം തൂക്കം. മിക്കവാറും അതിനെ താഴയേ തൂക്കം കാണൂ.
അന്റാർട്ടിക്കയിലും ആസ്ട്രേലിയയിലും ഒഴിച്ച് മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും ഇവയുണ്ട്. ഒറ്റനോട്ടത്തിൽ ഇവയുടെ വലിയ കണ്ണുകളാണ് ആദ്യം ശ്രദ്ധയിൽ പെടുന്നത്. നല്ല മഞ്ഞ കണ്ണിനു ചുറ്റും കറുത്ത വലയം. വലിയ തല ചെറിയ കഴുത്ത്. സ്വല്പം നീണ്ട് വളഞ്ഞ മൂക്കു പോലെയുള്ള കറുത്ത ചുണ്ട്. കടുത്ത ബ്രൗൺ നിറത്തിൽ തവിട്ടും വെളുപ്പും പുള്ളികൾ നിറഞ്ഞ പുറം ഭാഗം. അടിഭാഗം നേർത്ത വരകൾ നിറഞ്ഞ ഇളം ബ്രൗൺ നിറം. ചെറിയ തൂവലുകൾ നിറഞ്ഞ കാലുകൾ. മറ്റു മൂങ്ങകളെ അപേക്ഷിച്ച് ഇവയ്ക്കു കുറച്ചു നീണ്ട ചിറകുകളാണ്. ചിറകിലും വരകളും കുറികളും ഒക്കെയുണ്ട്. ആണിനെ അപേക്ഷിച്ചു പെണ്ണിന് സ്വൽപ്പം വലിപ്പക്കൂടുതലുണ്ട്. ഇവ തറ നിരപ്പിൽ നിന്ന് വലിയ ഉയരത്തിലല്ലാതെയാണ് പറന്നു ഇരപിടിക്കാറുള്ളത്. കൂടുതലും ചെറിയ ഷഡ്പദങ്ങൾ, എലികൾ, ചെറിയ ഇഴജന്തുക്കൾ, കിളികൾ എന്നിവയെ. ഒരു വയസാവുന്നതോടെ പ്രായപൂർത്തിയാവുന്നു. പ്രജനന കാലം മഴയ്ക്കു മുൻപുള്ള ചൂടുകാലമാണ്. മാർച്ച് മുതൽ ജൂൺ വരെ. അപ്പോൾ കൂട്ടത്തോടെ ഇവർ കൂടൊരുക്കാറുണ്ട്. തണലുള്ള മുൾച്ചെടികളുടെ താഴെ ഒന്നിലധികം കൂടുകൾ ഉണ്ടാവാറുണ്ട്. തറയിലാണ് കൂടുകൾ. നാലു മുതൽ ഏഴു വരെ വെളുത്ത മുട്ടകൾ ഉണ്ടാവാറുണ്ട്. മുട്ടയുടെ എണ്ണം കിട്ടുന്ന ആഹാരത്തെ അപേക്ഷിച്ചിരിക്കും.ആൺ മൂങ്ങ അതിനുള്ള ആഹാരം കൂടെ തേടിപ്പിടിക്കും. ആൺമൂങ്ങകൾ ഏക പത്നീവ്രതക്കാരാണ്. 21 മുതൽ 37 വരെ ദിവസമെടുത്തു മുട്ടകൾ വിരിയുന്നു. വീണ്ടും ഒരു നാലാഴ്ച കൂടി കഴിയുമ്പോൾ കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു.