ഭൂമി വിറ്റ് മകനെ മെഡിസിന് പഠിപ്പിക്കുന്നതിനോട് രാമഭദ്രന് യോജിപ്പുണ്ടായിരുന്നില്ല. നല്ല ആദായമുള്ള സ്ഥലം. തേങ്ങയും മാങ്ങയും ചക്കയും കിട്ടുന്ന ഒരേക്കർ പുരയിടം. അത്യാവശ്യത്തിന് കൊടുക്കുമ്പോൾ നല്ല വിലയും കിട്ടില്ല. ആവുന്നരീതിയിലെല്ലാം പറഞ്ഞു നോക്കിയെങ്കിലും ഭാര്യ രമണിക്ക് രസിച്ചില്ല. കുടുംബത്തിൽ ഒരു ഡോക്ടറുണ്ടായാൽ രക്ഷിതാക്കളുടെ വിലയും നിലയുമാണ് കൂടുന്നത്. മക്കളുടെ പ്രശസ്തിയിൽ ജീവിക്കാനും ഒരു ഭാഗ്യം വേണം. രമണിയുടെ വാദമുഖങ്ങൾ അങ്ങനെ നീണ്ടുപോയി. എന്നിട്ടും രാമഭദ്രൻ പച്ചക്കൊടി കാട്ടിയില്ല. ഒടുവിൽ രമണി ബ്രഹ്മാസ്ത്രം തന്നെ പുറത്തെടുത്തു. പണ്ട് സീതാദേവി ലക്ഷ്മണന് നേർക്ക് പ്രയോഗിച്ച ദിവ്യാസ്ത്രം. മകനോട് അസൂയയാണ്. അച്ഛൻ കഷ്ടിച്ച് പത്താംതരം. അതുതന്നെ ജയിച്ചതുമില്ല. മകൻ ഡോക്ടറായി വരുമ്പോൾ തന്നെ പുച്ഛിക്കുമോ എന്ന ആശങ്ക. അതല്ലാതെ എന്താണ്? ആ വാക്കുകൾക്ക് മുന്നിൽ രാമഭദ്രൻ അടിയറവ് പറഞ്ഞു.
ഭൂമി വിൽക്കുന്ന ആധാരത്തിൽ ഒപ്പിടുമ്പോൾ അയാളുടെ കൈകൾ വിറച്ചു, കണ്ണുകൾ നിറഞ്ഞു. അച്ഛനുള്ള കാലത്തേ നട്ടുവളർത്തിയ എത്രയോ ഫലവൃക്ഷങ്ങൾ. അമൃതുപോലും തോൽക്കുന്ന ഇളനീരു നൽകുന്ന ചെന്തെങ്ങ്, പട്ടിന്റെ നിറമുള്ള സവിശേഷമായ ചെമ്പരത്തി വരിക്കമാവ്, എല്ലാം കൈവിട്ടുപോവുകയാണ്. എന്നന്നേക്കുമായി. ഇനി ആ മണ്ണിൽ കാലുകുത്താൻ പറ്റില്ല. ഒരു തേങ്ങ എടുക്കാനോ കൊടുക്കാനോ പറ്റില്ല. ഭാര്യയും മകനും സന്തുഷ്ടരായിരുന്നു. സ്ഥലം വരും പോകും. അതുപോലെയാണോ മക്കളുടെ ഭാവി. ഭാവി ഭദ്രമായാൽ പിന്നെ ഒന്നും ഭയക്കേണ്ട. ഭാഗ്യമുള്ള രക്ഷിതാക്കളെന്ന് നാട്ടുകാർ അസൂയപ്പെടും. ഭാര്യയുടെ വാക്കുകൾ അയാളെ ആശ്വസിപ്പിച്ചില്ല.
ആറേഴ് വർഷങ്ങൾ കണ്ണടച്ചു തുറക്കും പോലെയാണ് പോയത്. സമ്പന്നമായ ഒരു കുടുംബത്തിൽ നിന്നായിരുന്നു മകന്റെ വിവാഹം. മരുമകൾ കാണാൻ സുന്ദരി. നല്ല തന്റേടിയാണെന്ന് രാമഭദ്രൻ നിരീക്ഷിച്ചു. പണവും പഠിപ്പുമുള്ള പെൺകുട്ടികളാകുമ്പോൾ അല്പസ്വല്പം വീറും ചുണയുമൊക്കെ കാണും. നമ്മൾ അതിനോട് പൊരുത്തപ്പെടണം. മകന്റെ സമാധാന ജീവിതത്തിന്.
സ്വന്തമായുള്ള കയർ ഫാക്ടറി എന്നും നല്ല ലാഭത്തിലായിരുന്നു. ബാങ്കിൽ നിന്നെടുത്ത വായ്പയും കയറിന്റെ വിലയിടിവും തിരിച്ചടവ് മുടക്കവും പലിശയും കൂട്ടുപലിശയും എല്ലാം കൂടി രാമഭദ്രനെ വളഞ്ഞിട്ടാക്രമിച്ചു. മനോബലം നഷ്ടമായതോടെ രോഗങ്ങളുടെ ഒന്നിനുപുറകേ ഒന്നായുള്ള വരവ്. എല്ലാം സമയദോഷം. അതുമാറുമ്പോൾ എല്ലാം തെളിയും. ഭാര്യയുടെ ആശ്വാസവാക്കുകൾ രാമഭദ്രനെ ആശ്വസിപ്പിച്ചില്ല.എങ്കിലും അയാളത് ഭാവിച്ചില്ല.
എത്രയും വേഗം രണ്ടുലക്ഷം രൂപ പലിശയായി ബാങ്കിലടയ്ക്കണം. മകന് നല്ല സമയം. ധാരാളം ഭൂമിയും തോട്ടങ്ങളും വാങ്ങിക്കൂട്ടി. നല്ല കൈപ്പുണ്യമുള്ള ഡോക്ടറല്ലേ. അവനോട് വായ്പയായി വാങ്ങാം. ഭാര്യയുടെ നിർദ്ദേശത്തെ രാമഭദ്രൻ എതിർത്തില്ല. മകനു വേണ്ടി പണ്ട് വിറ്റ ഭൂമിയുണ്ടായിരുന്നെങ്കിൽ ഒരു ബുദ്ധിമുട്ടും വരില്ല. അവിടെ ഭൂമിക്കിപ്പോൾ നല്ലവിലയും. ഈശ്വരനെയും പ്രാർത്ഥിച്ച് രാമഭദ്രൻ നഗരത്തിൽ താമസിക്കുന്ന മകനെ കാണാൻ പുറപ്പെട്ടു.
നല്ല കൈപ്പുണ്യമുള്ള ഡോക്ടർ തന്നെ. വീട്ടിൽ രോഗികളുടെ നീണ്ടനിര. കൂപ്പൺ കൊടുക്കാനും കാവലിനും ആളുണ്ട്. മകന്റെ ഉയർച്ചയിൽ രാമഭദ്രൻ ആഹ്ലാദിച്ചു. അവനെ ഡോക്ടറാക്കിയതിൽ അഭിമാനിച്ചു. ഇനി ഇന്നത്തേക്ക് കൂപ്പണില്ല. നാളെ രാവിലെ വരൂ.
ഞാൻ രോഗിയല്ല. പോക്കറ്രിൽ കിടന്ന കടലാസെടുത്ത് പേരും സ്ഥലവുമെഴുതി അയാളെ ഏല്പിച്ചു. പിന്നെ വിളിക്കുന്നതും കാത്തുനിന്നു. അല്പസമയത്തിനുള്ളിൽ അകത്തുപോയ മീശക്കാരൻ പുറത്തുവന്നു പറഞ്ഞു: പുലർച്ചെ തുടങ്ങുന്ന കൺസൾട്ടിംഗാണ്. സാറിന് നല്ല ക്ഷീണം. രണ്ടാഴ്ച കാണില്ല. ഇംഗ്ളണ്ടിൽ ഒരു സെമിനാറിന് പോകുകയാണ്. അതുകഴിഞ്ഞിട്ട് വന്നാൽ മതി. ഒന്നും പറയാതെ രാമഭദ്രൻ മടങ്ങി. മടക്കയാത്രയിൽ പണ്ട് വിറ്റ സ്ഥലത്തെത്തിയപ്പോൾ അയാളറിയാതെ നോക്കിപ്പോയി. അവിടെ തേങ്ങ വെട്ടുകയാണ്. ഓരോന്ന് ചിന്തിച്ച് നിൽക്കുമ്പോൾ മുന്നിൽ ചെത്തിമിനുക്കിയ ഇളനീരുമായി ഒരു യുവാവ്. രാമഭദ്രൻ സൂക്ഷിച്ചുനോക്കി. പണ്ട് സ്ഥലം വാങ്ങിയ സമ്പന്നന്റെ മകൻ. അയാൾ സ്വന്തം ഭൂമിയിലെ ഇളനീരുപോലെ അത് കുടിച്ചു.
ഫോൺ : 9946108220