ഏതു ദുർവിധിയുടെ മരുഭൂമിയിലും
നീരുറവപോലെ
എന്റെ ശാന്ത കാത്തിരിപ്പുണ്ട്
എന്റെ കാൽപ്പെരുമാറ്റം കേൾക്കാൻ
കാതും കൂർപ്പിച്ച്...
(ശാന്ത കടമ്മനിട്ട )
നെറ്റിയിൽ ചാർത്തിയ അഞ്ജനവും വിടരുന്ന പുഞ്ചിരിനാളവും ഇന്നും മങ്ങിയിട്ടില്ല. കർപ്പൂരദീപങ്ങളാകുന്ന കണ്ണുകളും കസ്തൂരിപോലെ മണക്കുന്ന വാക്കുകളുമായി കടമ്മനിട്ടയുടെ ശാന്ത എന്ന നാട്ടുകാരുടെ ശാന്തച്ചേച്ചി വള്ളിക്കോട് കൊയ്പ്പള്ളിൽ വീടിന്റെ ഉമ്മറത്തു തന്നെയുണ്ട്. വരണ്ടമൗനത്തിനുമേൽ സന്ധ്യാലക്ഷ്മി കീർത്തനംപോലെ നല്ലോർമകളുടെ ലഹരിയിലാണിന്നും കവി പത്നി. നാടിനെ പേരാക്കി മാറ്റിയ കവിയെ ആർദ്രമായി മാറ്റിയ ശക്തിയായിരുന്നു ശാന്ത. ബഷീറിന്റെ ഫാബിയെയും തകഴിയുടെ കാത്തയെയും ഓർക്കുന്ന മലയാള സാഹിത്യം കടമ്മനിട്ടയുടെ ശാന്തയെയും ഓർക്കും. ശാന്ത കവിതയായി അവതരിച്ചതുകൊണ്ടുമാത്രമായിരുന്നല്ല അത്.
ശാന്തയുടെ അതിഥിസൽക്കാരത്തിന്റെ മധുരം അത്രത്തോളം പ്രിയങ്കരമായിരുന്നു ആ വീട്ടിൽ വന്നുപോയവർക്കൊക്കെയും. നേരവും കാലവും നോക്കാതെ വിരുന്നുകാർക്കാക്കെ വച്ചു വിളമ്പണമെന്ന കടമ്മനിട്ടയുടെ നിർബന്ധത്തിന് ശാന്തയും മത്സരിച്ചു നിന്നു. കടമ്മനിട്ടക്കാവിലമ്മയെപോൽ കവി മനസിൽ അത്രമേൽ ശാന്തയും പെയ്തിറങ്ങിയതോടെ കവിതയായും ആ സ്നേഹം മലയാളി വായിച്ചറിഞ്ഞു. സ്നേഹനിധിയായ ആ വീട്ടമ്മയെ ഹൃദ്യമായി അവതരിപ്പിക്കാൻ കടമ്മനിട്ടയ്ക്കു കഴിഞ്ഞതും ശാന്തയുടെ സ്നേഹപരിണാമങ്ങളുടെ അടയാളമായിരുന്നു.
1962 കാലഘട്ടം. പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സിൽ ജോലിയുള്ള രാമകൃഷ്ണനെന്നൊരു പയ്യന്റെ വിവാഹ ആലോചന ശാന്തയുടെ വീട്ടിലറിയിക്കുന്നത് നാട്ടുകാരനായ ഒരാളാണ്. 'കേന്ദ്ര സർക്കാരിന്റെ ശമ്പളം പറ്റുന്നവനാ, പോരാത്തതിന് കവിത എഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യും." ചേരുന്ന കൂട്ടരാണെന്നു തോന്നിയതോടെ ശാന്തയുടെ വീട്ടുകാർക്കും താത്പര്യമായി. ശാന്തയുടെ അമ്മയ്ക്കാണ് രാമകൃഷ്ണന്റെ വിശേഷണങ്ങൾ നന്നേ ബോധിച്ചത്. അങ്ങനെ ആലോചനകൾ തകൃതിയായി നടക്കുന്നതിനിടയിലാണ് ചെറുക്കനും കൂട്ടരും വീട്ടിലേക്ക് അവിചാരിതമായി ഒരു ദിവസം കടന്നു വരുന്നത്.
ശാന്ത ഇന്നും മറന്നിട്ടില്ല തന്റെ കൊച്ചാട്ടനെ ആദ്യമായി കണ്ട ആ ദിവസം. 'വണ്ണമൊന്നുമില്ലാത്ത മെലിഞ്ഞൊരു രൂപം. മുടിയൊക്കെ വളർത്തിയിട്ടുണ്ടെന്നു മനസിലായി. ചായയൊക്കെ കൊണ്ടുവെച്ച് ഒന്നു നോക്കി ഞാനകത്തേക്കു പോയി. മുഖമൊന്നും ശരിക്കു കണ്ടുപോലുമില്ല. പിന്നീടാ കാര്യം പറയുമ്പോ കൊച്ചാട്ടൻ എന്നോടു പറഞ്ഞിട്ടുണ്ട്. ഞാൻ ആകെ കണ്ടത് നിന്റെ ഉപ്പൂറ്റിയാന്ന്. ആരോഗ്യമൊക്കെ ഉണ്ടെന്നു മനസിലായെന്നും. കവിയുടെ പരുക്കൻ സ്വഭാവവും മുൻശുണ്ഠിയുമൊക്കെ ശാന്തയോളം അറിഞ്ഞവളായി ആരുമുണ്ടാകില്ല. മൂക്കിന്റെ തുമ്പത്തായിരുന്നു ചിലപ്പോഴാ കോപം. കല്യാണം കഴിഞ്ഞ് അങ്ങാടിയ്ക്കലുള്ള അപ്പച്ചിയുടെ വീട്ടിൽ വിരുന്നിനു പോയ ദിവസം. കുടിക്കാനിത്തിരി വെള്ളം കൊണ്ടു വരാൻ ശാന്തയോടു കവി ആവശ്യപ്പെട്ടു. ജീരകവെള്ളം കൊതിച്ച കവിയ്ക്കു മുന്നിലെത്തിയത് പച്ചവെള്ളം. കവി പരിസരം മറന്ന് അവിടെ നിന്ന് ശാന്തയോടു ചൂടായി. 'ആദ്യമായി ആ മുഖത്തെ ദേഷ്യം ഞാനടുത്തറിഞ്ഞത് അന്നായിരുന്നു. അന്നാകെ സങ്കടമായി. പിന്നീടതൊരു ശീലമായി." ശാന്ത പഴയ ഓർമകളെ മറനീക്കി എടുത്തു. തെളിനീരുറവപോലെ തെളിഞ്ഞ ആ മനസും ശാന്തയോളം ആർക്കും അറിയില്ലായിരുന്നു. 'ദേഷ്യം പെട്ടന്നങ്ങു മാറും. പിന്നെ വലിയ സങ്കടമാണ്. ഞാൻ നിന്നെ വല്ലോം പറഞ്ഞാരുന്നോടീ, മിണ്ടാതിരിക്കല്ലേ എന്നും പറഞ്ഞ് നമുക്കു ചുറ്റുംകൂടും." പോയകാലത്തിന്റെ ഓർമകൾ ശാന്തയുടെ മുഖത്ത് മിന്നി മറഞ്ഞു.
വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്കു ശേഷം മദ്രാസിൽ നിന്നു കവിയ്ക്കു ജോലി തിരുവനന്തപുരത്തേയ്ക്കായി. ഇതിനിടയിലാണ് വള്ളിക്കോട്ടെ വീടു വാങ്ങുന്നത്. കവിത എഴുതാനൊക്കെ പറ്റിയ അന്തരീക്ഷമുള്ളൊരു കൊച്ചു നല്ല വീട്. കടമ്മനിട്ടയെ കൊതിപ്പിച്ചത് അതായിരുന്നു. വള്ളിക്കോട്ടെ നെല്ലിൻതണ്ട് മണക്കുന്ന വഴികളും എള്ളിൻ നാമ്പു കുരുക്കും വയലുകളുമൊക്കെ കവിയെ സ്വന്തം നാടിന്റെ ഓർമകളിലേക്കു കൊണ്ടുപോയി. 'തൃക്കോവിലപ്പന്റെ ദർശനമുള്ള വീടാ, അതിന്റെ എല്ലാ കൊണോം ആ വീട്ടിൽ കാണാനുണ്ട്." ദേശദേവനെ മനസിലോർത്ത് ശാന്ത പറഞ്ഞു തുടങ്ങി. 'ഈ വീടായിരുന്നു ഞങ്ങളുടെ വലിയ ലോകം."
കടമ്മനിട്ടയുടെ പല കവിതകളും രചിച്ചത് ഈ വീട്ടിലിരുന്നായിരുന്നു. കവിത എഴുതി കഴിഞ്ഞാൽ കടമ്മനിട്ട അത് ഉച്ചത്തിൽ ചൊല്ലും. അടുക്കളയിലിരിക്കുന്ന ശാന്തയും അടുത്തുള്ളവരുമൊക്കെ അങ്ങനെ കവിത കേൾക്കാൻ അടുത്തുകൂടും. കേട്ടിരിക്കുന്നവർക്കു രസം കൂടുന്നു എന്നു തോന്നിയാൽ കവി വീണ്ടും വീണ്ടും പാടും. ഇതായിരുന്നു കടമ്മനിട്ട കവിതകളുടെ രസക്കൂട്ടുകളിൽ ഒന്ന്.
'കൊച്ചാട്ടൻ എഴുതാൻ തുടങ്ങിയ ഒരിരുപ്പാണ്. പിന്നെ ആരും ശല്യം ചെയ്യരുത്. ഇടയ്ക്ക് ചായയോ കാപ്പിയോ കൊണ്ടു മിണ്ടാതെ മേശപ്പുറത്തു വച്ചുവരും. എഴുത്തിന്റെ ആവേശത്തിനിടയിൽ ചിലപ്പോ മീശയിങ്ങനെ പിരിച്ചു പിരിച്ച് ഇരിക്കുന്നതു കാണാം. ചിലപ്പോ കാണാം നീളൻ മുടി ഇങ്ങനെ വിരലിൽ ചുറ്റി വലിച്ചു പിഴുതെറിയുന്നത്. ഈ കാഴ്ച പതിവായി കണ്ടതോടെ ഒരിക്കലത് ഞാൻ തന്നെ എഴുതുന്നതിനിടയിൽ കവിയോടു ചോദിച്ചു. അയ്യോ, എഴുത്തിനിടയിൽ ശല്യപ്പെടുത്തിയില്ലേ, പിന്നെ പറയണോ പുകില്. അന്നെന്നോട് കുറേ ദേഷ്യപ്പെട്ടു. അതൊക്കെ ഓർക്കുമ്പോ എനിക്കിപ്പോ ചിരി വരുവാ." കടമ്മനിട്ടയുടെ ഓർമകളിൽ ശാന്ത വാചാലയായി.
വള്ളിക്കോട്ടെ ഈ വീട് ഒരുകാലത്ത് കവികളുടെയും എഴുത്തുകാരുടെയുമൊക്കെ ഒത്തുചേരലിന്റെ ഇടമായിരുന്നു. 'ഇടവേളകളില്ലാതെ ആളുകളിങ്ങനെ വന്നു പോകും. ചായയും ഊണുമൊക്കെ ഒരുക്കി അടുക്കളയിലായിരുന്നു ഞാനെപ്പോഴും. ആദ്യകാലത്ത് ഈ ചെറിയ വീട്ടിൽ ഇരിക്കാൻപോലും ഇടമുണ്ടായിരുന്നില്ല. കൊച്ചാട്ടൻ പുൽപ്പായും വിരിച്ച് വരുന്നവരെയൊക്കെയായി പിന്നിലുള്ള മരത്തണലിൽ പോയി ഇരിക്കും." ശാന്ത വന്നു പോയ മുഖങ്ങളെ ഓർത്തെടുത്തു.
അതിഥികളെ മനസറിഞ്ഞ് രുചിയോടെ ഊട്ടിയതാണ് ശാന്തയെ ഏവർക്കും പ്രിയങ്കരിയാക്കിയത്. പതിവുകാരുടെ ഇഷ്ടമറിഞ്ഞു വിളമ്പാനും കാലക്രമത്തിൽ ശാന്ത പഠിച്ചു. വിഭവ സമൃദ്ധമായി തന്നെ കഴിക്കാനായിരുന്നു കൊച്ചാട്ടന് ഇഷ്ടം. രുചിയോടെ എന്തു നൽകിയാലും ഞാൻ കഴിക്കുമെടീ എന്ന് കൊച്ചാട്ടൻ ഇടയ്ക്കിടെ ഓർമിപ്പിക്കുമായിരുന്നു. ഡി. വിനയചന്ദ്രൻ മാഷ് കവിയെ കാണാനെത്തിയാൽ ഉടനെ അടുക്കളയിലെത്തി ഞാനുമുണ്ടേ എന്നു ഹാജരു വയ്ക്കും. വിരുന്നുകാരൻ കുഞ്ഞുണ്ണി മാഷാണന്നറിഞ്ഞാൽ വ്യത്യസ്ത ഇനം തീയലാണ് വേണ്ടത്. ബാലചന്ദ്രൻ ചുള്ളിക്കാടാണെങ്കിൽ സമാധാനമുണ്ട്, എന്തു കൊടുത്താലും കഴിക്കും. നടൻ മുരളിയാണെങ്കിൽ അതിലും സമാധാനം. ഉളളതൊക്കെ അടുക്കളയിൽ കയറി വിളമ്പി കഴിച്ചോളും. എ. അയ്യപ്പനാണെങ്കിൽ ചോറും മീൻ കറിയും വേണം. അടുക്കള ഊട്ടുപുരയാക്കിയ ആ കാലം ഓർക്കുമ്പോൾ ശാന്തയ്ക്കും ആവേശം.
'കവിയ്ക്കെല്ലാ നാടും കടമ്മനിട്ടയായിരുന്നു. എവിടെ ചെന്നാലും പരിചിതമായി മുഖങ്ങൾ. ആരെങ്കിലെയുമൊക്കെ കണ്ടാൽ അവരോടു കൂട്ടുകൂടിയങ്ങ് പോകും. പിന്നെ കൂടെ വന്നവരെയൊക്കെ മറക്കും. ഒരിക്കൽ അമേരിക്കയിലേക്ക് ഒരു മാസത്തേയ്ക്കൊരു യാത്ര പോയി. വിമാനത്തിലൊക്കെ കയറി പോകുകയാണ് കേട്ടപ്പഴേ എനിക്കാകെ പേടിയായി. പോയി ഒരു മാസം കഴിഞ്ഞു. ഒന്നര മാസമായി. രണ്ടായി. പോയ കടമ്മനിട്ടയെ കാണാനില്ല. എന്റെ സമാധാനം പോയില്ലേ. താഴൂരമ്മേ വിളിച്ച് മനസുരുകി പ്രാർത്ഥിക്കാനല്ലാതെ എനിക്കെന്തു ചെയ്യാൻ പറ്റും. വളർന്നു വരുന്ന രണ്ടു കൊച്ചുമക്കളും. ഞാനെല്ലാ രാത്രിയിലും കൊച്ചാട്ടനെ കാത്തിരുന്നു. കത്തെഴുതാൻ വിലാസമറിയില്ല. ആരോട് തിരക്കാൻ... അങ്ങനെ രണ്ടര മാസം കഴിഞ്ഞൊരു രാത്രി കൊച്ചാട്ടൻ വന്നു. ആ രാത്രി ഞാനിന്നും മറന്നിട്ടില്ല. കൊച്ചാട്ടനെ ഞാനെത്രത്തോളം സ്നേഹിച്ചിരുന്നെന്ന് ഞാൻ തന്നെ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. ഒന്നും മിണ്ടാതെ വന്നെന്നോട് കുളിക്കാൻ ചൂടു വെള്ളം എടുക്കാൻ പറഞ്ഞു. ആ രാത്രി പതിവുപോലെ കറിയ്ക്ക് ഉപ്പും മുളകുമൊക്കെ പോരെന്നും പറഞ്ഞ് എന്നോടു പരിഭവിച്ചു. ഞാനൊന്നും മിണ്ടുന്നില്ലെന്നു കണ്ടതോടെ കൊച്ചാട്ടനും വിഷമമമായി. പിന്നെ എന്റെയും മനസലിയാതെ ഒക്കുമോ."
ഇടയ്ക്കിടെ മരണഭയം ഉണ്ടായിരുന്നതായി ശാന്ത ഓർക്കുന്നു. ജാതകപ്രകാരം മുപ്പത്തി രണ്ടാമത്തെ വയസിൽ മരണം ഉറപ്പാണ്. അങ്ങനെ കവിയും മരണത്തെ കാത്തിരുന്നു. 'കൊച്ചാട്ടന് ആ സമയത്തു വല്ലാത്ത പേടിയായിരുന്നു. ഞാനിപ്പോ ചാവുമെടിയേ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. അതു കഴിഞ്ഞതോടെ ജാതകത്തിൽ അടുത്തതായി പറഞ്ഞിരിക്കുന്നത് നാൽപത്തി ഒൻപതിലാണ്. ആ സമയത്തും കൊച്ചാട്ടൻ നന്നായി പേടിച്ചു. ഞാനീ വർഷം തന്നെ മരിക്കുമെന്ന് വരുന്നവരോടും പോകുന്നവരോടുമൊക്കെ ചുമ്മ പറഞ്ഞുകൊണ്ടിരുന്നു. അന്നും കാലൻ തോറ്റോടിയതിൽ കൊച്ചാട്ടൻ ആശ്വസിച്ചു. ജാതകപ്രകാരം അടുത്ത മരണകാലം എഴുപത്തി രണ്ടാം വയസിലാണ്. അന്നും കാലൻ കുരുക്കിടാൻ മറന്നുവെന്നും പറഞ്ഞ് കൊച്ചാട്ടൻ ചിരിക്കുമായിരുന്നു. ഇനി ഞാൻ മരിക്കില്ലന്നൊക്കെ പറഞ്ഞായിരുന്നു ആ പൊട്ടിച്ചിരി. എഴുപത്തി രണ്ട് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. പക്ഷേ കൊച്ചാട്ടൻ തന്നെ പറഞ്ഞതുപോലെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്റെ കൊച്ചാട്ടൻ മരിച്ചിട്ടില്ല. എന്റെ മനസിലെന്നല്ല. ആരുടെ മനസിലും..."ശാന്തയെ ഒരു കാറ്റായി കടമ്മനിട്ട തലോടി പോയി.
കവിയുടെ 'ശാന്ത" എന്ന കവിത തന്നെയാണ് കവി പത്നിക്കും പ്രിയപ്പെട്ടത്. 'ആ കവിത എഴുതി കഴിഞ്ഞ് എത്രയോ രാത്രികളിൽ എനിക്കു വേണ്ടി മാത്രം കൊച്ചാട്ടൻ ഉറക്കെ ചൊല്ലുമായിരുന്നു. ഞാനപ്പോഴൊക്കെ ആ കണ്ണിലിങ്ങനെ നോക്കി ഇരിക്കും. എന്നെ എത്രത്തോളം നിരീക്ഷിച്ചിരുന്നെന്നും എത്രത്തോളം ഇഷ്ടപ്പെട്ടിരുന്നെന്നുമൊക്കെ ഓർത്ത് മനസു നിറഞ്ഞു തുളുമ്പുമായിരുന്നു. ഇപ്പോഴും ചിലപ്പോൾ ആ വരികൾ കൊച്ചാട്ടന്റെ ശബ്ദത്തിൽ എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നപോലെ തോന്നും."
കവി ശാന്തയിൽ അലിഞ്ഞിറങ്ങിയ ഒന്നായിരുന്നുവെന്ന് ശാന്തയും തിരിച്ചറിഞ്ഞൊരു നിമിഷത്തിന്റെ ഓർമകളാണ് ഇനി പറയാനുള്ളത്. കവിയ്ക്കൊപ്പം മദ്രാസിൽ താമസിക്കുന്ന കാലം. ഒരു ദിവസം എന്തോ പറഞ്ഞു വഴക്കിട്ടു കവി ശാന്തയോടു പിണങ്ങി. പിണക്കം ഒരു ദിവസവും കടന്ന് രണ്ടായി മൂന്നായി നാലായി. ഒടുവിൽ ശാന്ത 'എന്നാൽ നിങ്ങളെ ഇട്ടേച്ചു ഞാനങ്ങ് നാട്ടിൽ പോകുവാണെന്നൊരു" കളിവാക്കു പറഞ്ഞു. ഒന്നു പറ്റിക്കാമെന്നു കരുതി തുണിയൊക്കെ കൊണ്ടുപോകാനായി അടുക്കിയുംവെച്ചു. രാത്രി കവി പതിയെ ശാന്തയുടെ അടുത്തെത്തി വലിയ വായിൽ പൊട്ടിക്കരഞ്ഞു. ശാന്ത എത്ര പറഞ്ഞിട്ടും കവി കരച്ചിലടക്കിയില്ല. പിന്നെ ഒരിക്കൽ പോലും ഞാനാ കണ്ണു നിറയാതെ നോക്കി. എന്റെ കൊച്ചാട്ടൻ കരഞ്ഞാ തോൽക്കുന്നത് ഞാനല്ലേ..' ഉള്ളിലെ മൗനം പതിയെ മറനീക്കി ശാന്തയുടെ മിഴികളെ ചുറ്റിപൊതിഞ്ഞു. കവിയുടെ അച്ഛൻ മരിച്ച ദിവസങ്ങൾ, എസ്. കെ. പൊറ്റക്കാടിന്റെയും എം. എൻ. വിജയന്റെയും മരണദിവസവുമൊക്കെയാണ് പിന്നെ കൊച്ചാട്ടനെ കരഞ്ഞു ഞാൻ കണ്ടിട്ടുള്ളതെന്നും ശാന്ത ഓർക്കുന്നു.
'തിരഞ്ഞെടുപ്പിന് നിന്നതൊക്കെ വലിയ ഭയത്തോടെയായിരുന്നു. വോട്ടു പിടിക്കാനൊക്കെ എന്നെയും കൂടെ കൊണ്ടു പോകുമായിരുന്നു. എല്ലാവരുടെയും സ്നേഹമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് എപ്പോഴും പറയുമായിരുന്നു. അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങളെ അടുത്തറിയാനും പരിഹരിക്കാനുമായിരുന്നു." കടമ്മനിട്ട എന്ന ജനപ്രതിനിധിയെ ഓർക്കുകയാണ് ശാന്ത.
'കടമ്മനിട്ടക്കാവിൽ പടയണിയായാൽ പിന്നെ കൊച്ചാട്ടനൊരു ആവേശമായിരുന്നു." പഴയ പടയണിരാവിന്റെ ഓർമകളിലേക്ക് ശാന്ത പതിയെ നടന്നു നീങ്ങി. 'കൂട്ടുകാരൊക്കെ കൂടി ആട്ടവും പാട്ടുമൊക്കെയായി വലിയ ബഹളമാണ്. കടമ്മനിട്ട അമ്മ കൊച്ചാട്ടന്റെ കൂടെ ഉണ്ടായിരുന്നെന് ന് എനിക്ക് എത്രയോ വട്ടം തോന്നിയിട്ടുണ്ടെന്നോ." ശാന്ത അറിയാതെ കൈകൂപ്പി കടമ്മനിട്ട അമ്മയെ തൊഴുതു.
'പണ്ടൊക്കെ രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ രാത്രി കൊച്ചാട്ടന്റെ വരവും കാത്തിരിക്കുമായിരുന്നു. എപ്പോഴെങ്കിലും വന്നു കയറുമെന്നൊരു പ്രതീക്ഷ അന്നുണ്ടായിരുന്നു. പടിക്കലെത്തുമ്പോഴേ കേൾക്കാം, എടീ എന്ന നീട്ടി പിടിച്ച വിളി. ഇപ്പോ ആ പ്രതീക്ഷയ്ക്കുപോലും വകയില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ശൂന്യത തോന്നും."ശാന്തയുടെ കണ്ണുകളിൽ വേദനയുടെ ചാറ്റൽമഴ.