വൈൽഡ്ലൈഫ്, ലാന്റ് സ്കേപ്പ്, സ്പോർട്സ്, വെഡ്ഡിംഗ് എന്നിങ്ങനെ ഫോട്ടോഗ്രാഫിയിൽ പല ശാഖകളുണ്ടല്ലോ ! അതിൽ കൂടുതൽ പേരും കടന്നു ചെല്ലാത്ത മെഡിക്കൽ ഫോട്ടോഗ്രാഫി എന്ന് ഒരു വിഭാഗം കൂടിയുണ്ട്. ഓപ്പറേഷൻ തീയറ്ററിലായിരിക്കും ഇത്തരം ഫോട്ടോകൾ എടുക്കേണ്ടിവരിക. ആദ്യകാലങ്ങളിൽ ഇത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്ന് സി.സി കാമറകളും അതുപോലെ മറ്റ് ആധുനിക കാമറസജ്ജീകരണങ്ങളും ഇതിനായി ഇപ്പോൾ ആശുപത്രികളിൽതന്നെ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
അന്നും ഇന്നും വളരെക്കൂടുതൽ മെഡിക്കൽ ഫോട്ടോഗ്രാഫി ചെയ്യാറുള്ള വ്യക്തിയാണ് ഞാൻ. ഓപ്പറേഷൻ തുടങ്ങുമ്പോൾ മുതൽ അതായത് മുറിവ് മാർക്ക് ചെയ്യന്ന സ്റ്റേജ് മുതൽ ഒടുവിൽ തുന്നിക്കെട്ടി ഡ്രസ്സ് ചെയ്യുന്നതുവരെയുള്ള ഫോട്ടോകൾ വേണ്ടിവരും. കീറിയതും മുറിച്ചതും ശരീരത്തിന്റെ ഉള്ളിലെ ചിത്രങ്ങൾ എടുത്തതും എല്ലാം ശരിയായിരിക്കണം. കാരണം തുന്നിക്കെട്ടിക്കഴിഞ്ഞാൽ എടുത്ത ചിത്രം ശരിയായില്ലെന്ന് പറഞ്ഞാൽ അത് വീണ്ടും തുറക്കാൻ പറ്റില്ലല്ലോ. ഇന്നത്തെപ്പോലെ എടുത്ത ഓരോ സ്നാപ്പും ശരിയായോ എന്ന് മോണിറ്ററിൽ നോക്കാനും പറ്റില്ലായിരുന്നു. അന്ന് സ്കാനിംഗ് പോലുള്ള ആധുനിക സംവിധാനങ്ങൾ എല്ലായിടത്തും വന്നു തുടങ്ങിയിരുന്നില്ല, ഗ്രാമപ്രദേശങ്ങളിലേക്കാര്യം പിന്നെ പറയേണ്ടല്ലോ? അക്കാലത്ത് അന്ധവിശ്വാസങ്ങൾ ഏറെയുള്ള ഇവിടുത്തെ ഒരു കുഗ്രാമത്തിൽ നാട്ടു വൈദ്യവും മന്ത്രവും ജ്യോതിഷവും ഒന്നും ഫലിക്കാതെ പത്തുമാസം ആയിട്ടും പ്രസവിക്കാത്ത തീരെ അവശയായ ഒരു ഗർഭിണിയെ കൂനൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് ഗർഭമല്ലെന്നും ട്യൂമറാണെന്നും കണ്ടുപിടിച്ച ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം ഉടൻ തന്നെ ഓപ്പറേഷൻ നടത്തണമെന്നു നിർദ്ദേശിച്ചു.
അങ്ങനെ ഓപ്പറേറ്റ് ചെയ്തെടുത്ത എട്ടു കിലോയോളം തൂക്കമുള്ള ട്യൂമറാണ് ഇത്. വെള്ളം പോലെയുള്ള ദ്രാവകം നിറഞ്ഞ ഇത് ആ സ്ത്രീയുടെ ആഹാരത്തിലെ പോഷാകാംശങ്ങൾ മുഴുവൻ ഉപയോഗിക്കുകയായിരുന്നെന്നും അല്പദിവസം കൂടി ഇങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ അവരെ രക്ഷപ്പെടുത്താൻ കഴിയില്ലായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഇതിന് എന്ത് ചെലവ് വന്നു എന്ന് കൗതുകം കാരണം ഞാൻ ഡോക്ടർമാരോട് ചോദിച്ചു. അവരുടെ ഗ്രാമത്തിൽ നിന്ന് വരാനും പോകാനും വണ്ടിക്കൂലി വരെയുള്ള പൈസ പോലും ഞങ്ങളുടെ കൈയിൽ നിന്നാണ് കൊടുത്തതെന്നായിരുന്നു മലയാളി കൂടിയായ പ്രധാന ഡോക്ടർ പറഞ്ഞത്!