suresh-gopi

തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്തെത്തി. താൻ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് പാർട്ടി ആലോചിച്ച് മറുപടി നൽകും. ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്. ഇതെന്ത് ജനാധിപത്യമാണെന്നും ജനങ്ങൾ ഇതിന് മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കഴിഞ്ഞ വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തെ എൻ.ഡി.എ കൺവെൻഷനിൽ സുരേഷ് ഗോപി പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നോട്ടീസ് നൽകിയത്.

അതേസമയം, സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടർക്ക് വിവരക്കേടാണെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചു. ശബരിമല വിഷയം പിണറായി സർക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണ്. ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ശബരിമല എന്ന വാക്ക് ഉച്ചരിക്കാൻ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാൽ അത് വിവരക്കേടാണ്. ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്താലും ജനങ്ങൾ മുമ്പാകെ ഉയർത്തിക്കാട്ടുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും അത് ഉയർത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.