arun-anand

തൊടുപുഴ: അച്ഛന്റെ കരുതലും സംരക്ഷണവും കൊടുത്ത് പോറ്റിവളർത്തേണ്ട കുഞ്ഞിനെ ചുഴറ്റിയെറിഞ്ഞ് തലപിളർത്തി കൊന്ന നരാധമൻ. അരുൺ ആനന്ദ് എന്ന ചെകുത്താന് ഇതിൽകൂടുതൽ വിശേഷണങ്ങൾ ഉണ്ടെങ്കിൽ അതാണ് അനുയോജ്യം. തൊടുപുഴയിൽ രണ്ടാനച്ഛൻ ക്രൂരമായി എറിഞ്ഞു കൊലപ്പെടുത്തിയ ഏഴുവയസുകാരൻ ഇന്നലെ ലോകത്തോട് വിട പറഞ്ഞു. ഒമ്പത് ദിവസത്തോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആ കുരുന്നിന്റെ ജീവനു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു കേരളം മുഴുവനും എന്നുപറയാം. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കി കൊണ്ട് അവൻ യാത്രയായി.

പൊലീസ് കസ്‌റ്റഡിയിലുള്ള അരുൺ ആനന്ദിനെ കുട്ടി മരണപ്പെട്ട വിവിരം പൊലീസുകാർ അറിയിച്ചിരുന്നു. എന്നാൽ ഇതുകേട്ടിട്ടും ഒരു ഭാവഭേദവും അയാളിൽ ഉണ്ടായില്ല. മട്ടൺ കറിയും കൂട്ടി വിശാലമായി ചോറു കഴിച്ച അരുൺ പൊലീസുകാരെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിക്കുകയായിരുന്നു.

മാർച്ച് 28നാണ് കൊടുംക്രൂരതയുടെ കഥ നാടറിയുന്നത്. അന്ന് പുലർച്ചെയാണ് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏഴുവയസുകാരനെ അമ്മയും കാമുകനായ അരുണും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്. വീണു പരിക്കേറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല.ഭീകരമായിരുന്നു മുറിവ്. അതുകൊണ്ടുതന്നെ അരുണും യുവതിയും പറഞ്ഞത് വിശ്വസിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉരുത്തിരിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവിരങ്ങളായിരുന്നു. ക്രൂരമർദ്ദനമാണ് പലപ്പോഴായി അരുണിൽ നിന്ന് ഏഴുവയസുകാരന് നേരിടേണ്ടി വന്നത്. കുട്ടിയുടെ അനുജനായ നാലു വയസുകാരനെയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു. എല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും അമ്മ കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചു.

കുട്ടി മരിച്ചതോടെ അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75ആം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏൽപിക്കൽ എന്നീ വകുപ്പുകൾ ചുമത്തി ഇപ്പോൾത്തന്നെ കേസെടുത്തിട്ടുണ്ട്. അനുജനായ നാലു വയസുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസിൽ പ്രധാന സാക്ഷിയാക്കും. ഇവർക്കെതിരെ കേസെടുത്തിട്ടില്ല.