ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ 'അമ്മ'യെ കുറ്റപ്പെടുത്തരുതെന്ന് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ് അമ്മയെന്നും അതിനെ തകർക്കണമെന്നൊക്കെ പറയുന്നത് ശരിയല്ലെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. കേരളകൗമുദി ഓൺലൈനിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബാലചന്ദ്ര മേനോന്റെ വാക്കുകൾ-
'അമ്മയുടെ തുടക്കക്കാരനെന്നു പറഞ്ഞാൽ തുടതുടക്കക്കാരൻ ഞാൻ തന്നെയാണ്. എന്റെ മുറിയിൽ വച്ചാണ് അമ്മ എന്നു പറഞ്ഞ ഒരു സംഗതിയുടെ ബീജാവഹം നടക്കുന്നത്. ഞാനല്ല തുടങ്ങിയത്. എന്റെ സുഹൃത്തായിരുന്ന വേണുനാഗവള്ളിയാണ് മുരളിയേയും വിളിച്ചുകൊണ്ട് എന്റെ മുറിയിൽ വരുന്നത്. അങ്ങനെയൊക്കെ തുടങ്ങിയതാണ് അമ്മ.
അവരിപ്പോൾ ഒരുപാട് മുമ്പോട്ട് പോയി. ഞാൻ ഒരു തവണ സെക്രട്ടറിയായിരുന്നു. അമ്മയുടെ ഒരുപാട് കഥകളുണ്ട്. അതിന്റെ തുടക്കം, എങ്ങനെയാണ് ഇത് വർത്തിച്ചുവന്നത്. അന്നതിനെ എതിർത്തത് ആരൊക്കെ ഇതെല്ലാം എന്റെ ട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയ്സിൽ ഞാൻ പറയും. ഉത്തരവാദിത്വമുള്ള സംഘടനയാണ് അമ്മ. എത്രയോ പേർക്കാണ് അതിൽ നിന്ന് കൈനീട്ടം എന്ന പേരിൽ പെൻഷൻ പോലെ ഒരു തുക ലഭിക്കുന്നത്. അതൊക്കെ നല്ല കാര്യമല്ലേ? പിന്നെ അമ്മയെ തകർക്കണമെന്നൊക്കെ പറയുന്നതൊന്നും ശരിയല്ല. ആ സമീപനം തന്നെ ശരിയല്ല. ഒരു താരം കാണിച്ച അഹന്തയ്ക്കോ അറിവില്ലായ്മയ്ക്കോ താരസംഘടനയായ 'അമ്മ'യെ കുറ്റപ്പെടുത്തരുത്. അതിൽ പെട്ട ഒരുതാരം പുറത്തിറങ്ങിയിട്ട് ഒരാളെ തെറിവിളിച്ചാൽ അമ്മ മോശമാണെന്ന് പറയുന്നതെങ്ങനെയാണ്? അമ്മയിൽ യോഗ്യന്മാരായ ആൾക്കാരുമുണ്ടല്ലോ?'
അഭിമുഖത്തിന്റെ പൂർണരൂപം-