തിരുവനന്തപുരം: അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ദൈവത്തിന്റെ പേരിൽ വോട്ട് ചോദിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം തന്നെയാണ്. ശബരിമല വിഷയം ചർച്ച ചെയ്യാൻ ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞ് ജനങ്ങളുടെ വികാരങ്ങളെ വഷളാക്കി വോട്ട് ചോദിക്കുന്നത് തെറ്റ് തന്നെയാണ്. ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്‌ടർ നോട്ടീസ് നൽകിയത്. ഇതിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ജില്ലാ കളക്‌ടറോട് തന്നെ മറുപടി നൽകണം. ഇക്കാര്യത്തിൽ താൻ ഇടപെണ്ടതില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
അതേസമയം, ഒരു രാഷ്ട്രീയ പാർട്ടിയും ജില്ലാ കളക്‌ടറെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി, മതം, സമുദായം, ദൈവം എന്നിവ ഉന്നയിച്ച് വോട്ട് പിടിക്കരുതെന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയത് ഈ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്. ഇക്കൂട്ടർക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ തനിക്കെതിരെ ബി.ജെ.പിയും സുരേഷ് ഗോപിയും ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയാനില്ലെന്ന് തൃശൂർ ജില്ലാ കളക്‌ടർ ടി.വി.അനുപമ പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി കഴിഞ്ഞ വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തെ എൻ.ഡി.എ കൺവെൻഷനിൽ സുരേഷ് ഗോപി പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഇതിൽ 48 മണിക്കൂറിനകം മറുപടി നൽകണമെന്നും കളക്‌ടർ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവൃത്തങ്ങളുമായി ആലോചിച്ച് മറുപടി നൽകുമെന്നും എന്നാൽ ശബരിമല വിഷയം ഇനിയും തിരഞ്ഞെടുപ്പിൽ ഉന്നയിക്കുമെന്നുമാണ് ബി.ജെ.പിയുടെ നിലപാട്.