p-jayarajan

മലപ്പുറം: സി.പി.എം നേതാവും വടകര ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പി.ജയരാജനെതിരായ ഫേസ്ബുക്ക് പോസ്‌റ്റ് ലൈക്ക് ചെയ്‌തതിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ കുറ്റിപ്പുറം സെക്ഷൻ ഓഫീസിലെ തേർഡ് ഗ്രേഡ് ഓവർസിയർ ആയ കെ.പി മനോജ് കുമാറിനെയാണ് പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ സസ്‌പെൻഡ് ചെയ്‌തത്.

മനോജ് കുമാർ പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് കാരണമായി പറയുന്നത്. സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ വഴി രാഷ്‌ട്രീയപരമായ പ്രവർത്തനങ്ങൾ പെരുമാറ്റ ചട്ടത്തിൽ വരുന്നതാണെന്നും. ഇതുപ്രകാരം സെക്ഷൻ 69 പ്രകാരമാണ് മനോജ് കുമാറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ മനോജ് നിഷേധിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യം കാരണമാണ് തനിക്കെതിരായ സസ്‌പെൻഷന് പിന്നിലെന്നും, പി.ജയരാജനെതിരെതിരായ വാർത്തയുടെ ലിങ്ക് ഓപ്പൺ ചെയ്യുകമാത്രമാണ് താൻ ചെയ്‌തതെന്നും മനോജ് കുമാർ പറയുന്നു. സസ്‌പെൻഷൻ ലഭിച്ചതിനു ശേഷം ഫേസ്ബുക്കിൽ വീണ്ടും പോസ്‌റ്റ് പരിശോധിച്ചപ്പോൾ ലൈക്ക് ചെയ‌്‌തതായി കാണുകയുണ്ടായി. എന്നാൽ ഇതൊന്നും തന്നെ മനപൂർവം ചെയ്‌തതല്ല. എന്താണ് സസ്‌പെൻഷന്റെ കാരണമെന്ന വ്യക്തതപോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മനോജ് കുമാർ പറയുന്നു.

കോഴിക്കോട് കക്കോടി സ്വദേശിയായ മനോജ് എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും മുൻ നേതാവായിരുന്നു. ടി.പി ചന്ദ്രശേഖരൻ വധത്തെ തുടർന്ന് പാർട്ടി വിട്ട് സ്വയം പുറത്തുവരികയായിരുന്നു.