തിരുവനന്തപുരം: അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി അത്തരത്തിൽ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ലെന്നും, കളക്ടറുടെ നോട്ടീസിന് പാർട്ടി വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ ശബരിമല വിഷയം ഉന്നയിച്ചാൽ അത് തെറ്റാകില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.
അതേസമയം, സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ദൈവത്തിന്റെ പേരിൽ വോട്ട് ചോദിച്ചത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം തന്നെയാണ്. ശബരിമല വിഷയം ചർച്ച ചെയ്യാൻ ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അയ്യപ്പന്റെ പേര് പറഞ്ഞ് ജനങ്ങളുടെ വികാരങ്ങളെ വഷളാക്കി വോട്ട് ചോദിക്കുന്നത് തെറ്റ് തന്നെയാണ്. ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്‌ടർ നോട്ടീസ് നൽകിയതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയ തൃശൂർ ജില്ലാ കളക്ടറും റിട്ടേണിംഗ് ഓഫീസറുമായ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. പിണറായി വിജയൻ ദാസ്യവേല ചെയ്യുകയാണ് കളക്ടർ ടി.വി.അനുപമ. നവോത്ഥാന മതിലിൽ പങ്കെടുത്ത ആളാണ് അവരെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.