മലപ്പുറം: ആക്രിപെറുക്കാനെത്തിയ പത്ത് വയസുകാരിയായ നാടോടി പെൺകുട്ടിയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടപ്പാളിൽ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വട്ടങ്കുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് രാഘവനാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സി.പി.എം മുൻ ഏരിയാ സെക്രട്ടറിയായ രാഘവനാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, മർദ്ദനമേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലയ്‌ക്ക് മുറിവേറ്റിട്ടുണ്ട്. റോഡരികിൽ നിന്നും ആക്രി പെറുക്കുന്നത് രാഘവൻ വിലക്കിയെന്നും ഇത് അനുസരിക്കാത്തതിനാലാണ് മർദ്ദിച്ചതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. ആക്രി പെറുക്കുന്ന ചാക്ക് പിടിച്ച് വാങ്ങിയ രാഘവൻ ചാക്കുപയോഗിച്ച് മർദ്ദിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.