biriyani-congress-suppor

മുസാഫർനഗർ: തിരഞ്ഞെടുപ്പ് യോഗത്തിനിടെ ബിരിയാണിക്കായി തമ്മിൽതല്ലിയ കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. കോൺഗ്രസിന്റെ മുസാഫർനഗർ സ്ഥാനാർത്ഥിയായ നസീമുദ്ദീൻ സിദ്ദിഖിയുടെ തിരഞ്ഞെടുപ്പ് പ്രചരണപരിപാടിക്കിടെയാണ് ബിരിയാണിയുടെ പേരിലുള്ള തല്ല് നടന്നത്. സംഭവത്തിൽ ഒമ്പത് പേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു.

യോഗത്തിന് ശേഷം ബിരിയാണി വിളമ്പുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ആദ്യം തങ്ങൾക്ക് ലഭിക്കണമെന്ന തർക്കത്തെ തുടർന്ന് ചില അനുയായികൾ തമ്മിൽ പരസ്‌പരം തല്ലുകയായിരുന്നു. പിന്നീടിത് കൂട്ടതല്ലിൽ കലാശിക്കുകയായിരുന്നു. മുൻ എം.എൽ.എ മൗലാനാ ജമീലിന്റെ വസതിയിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരിൽ ജമീലിനും മറ്റ് മുപ്പത് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 11നാണ് മുസാഫർനഗറിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.