vt-balram

അധികാരത്തിലെത്തിയാൽ എല്ലാവർക്കും 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വാഗ്‌ദ്ധാനം പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും ആയുധമാക്കുന്നുണ്ട്. എന്നാൽ അധികാരത്തിലെത്തിയാൽ മോദി 15 ലക്ഷം രൂപ അണ്ണാക്കിലേക്ക് തള്ളിത്തരുമോ എന്ന് ചോദിച്ച തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രസ്‌താവന കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി വി.ടി.ബൽറാം എം.എൽ.എ രംഗത്തെത്തി. മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. നികുതി വെട്ടിച്ച് പോണ്ടിച്ചേരിയിൽ വാഹനം രജിസ്‌റ്റ്ർ ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിന്റെ കളിയാക്കൽ.