തിരുവനന്തപുരം: ബി.ജെപി വിമർശനത്തോട് പ്രതികരിക്കാനില്ലെന്ന് തൃശൂർ കളക്ടർ ടി.വി അനുപമ വ്യക്തമാക്കി. ശബരിമലയുടെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിൽ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയ്‌ക്ക് നോട്ടീസയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കളക്ടർ പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും, ബി.ജെ.പിയുടെ വിമർശനങ്ങളിൽ പ്രതികരിക്കാനില്ലെന്നും ടി.വി അനുപമ പറഞ്ഞു.
തൃശൂർ ജില്ലാ കളക്ടർ മുഖ്യമന്ത്രി പിണറായിയുടെ ദാസ്യപ്പണി നടത്തുന്നുവെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി അനുപമ രംഗത്തെത്തിയത്. തൃശൂരിലെ എൻ.ഡി.എ മണ്ഡലം കൺവെൻഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താൻ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് കളക്ടർ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നത്. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നു കാണിച്ചായിരുന്നു നോട്ടീസ് അയച്ചത്.