masala-bond

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി സമാഹരിച്ച മസാല ബോണ്ടിന് അപൂർവ നേട്ടം. ഓഹരികൾ വിപണിയിലേക്ക് ഇറക്കുന്നത് ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ച് പൊതുചടങ്ങായി നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും ലണ്ടനിലേക്ക് ക്ഷണിച്ചു. അടുത്ത മാസം 17ന് ലണ്ടനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂവാണ് മസാല ബോണ്ട് വാങ്ങിയതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കിടെയാണ് ഈ വാർത്ത പുറത്തുവരുന്നത്.

ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ധനസമാഹരണത്തിനായി ഇന്ത്യൻ രൂപയിൽ പുറത്തിറക്കുന്ന ബോണ്ടുകളാണ് മസാലബോണ്ട്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾ അംഗീകരിച്ചതനുസരിച്ചാണ് ഈ ഏർപ്പാട്. ഇന്ത്യയിൽ നിന്ന് സ്ഥാപനങ്ങൾ പുറത്തിക്കുന്ന ഇന്ത്യൻ രൂപയിലുള്ള ബോണ്ടിന് മസാലബോണ്ടെന്നും ജപ്പാനിൽ നിന്നുള്ളതിന് സമുറായ് ബോണ്ട്, ചെെനയിൽ നിന്നുളളതിന് ദിസംബോണ്ട് എന്നിങ്ങിനെയാണ് പേര്. 2016ലാണ് ഇന്ത്യൻ റിസർവ്വ് ബാങ്ക് ഇത്തരത്തിലുള്ള ധനസമാഹരണത്തിന് അനുമതി നൽകിയത്. ഒരു ഇന്ത്യൻ സംസ്ഥാനം ആദ്യമായാണ് ഇത്തരത്തിൽ വിദേശത്തുനിന്ന് ധനസമാഹരണം നടത്തുന്നത്.