narendra-modi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയിലെത്തിക്കാൻ ബി.ജെ.പിയുടെ പുതിയ നീക്കം. ഈ മാസം 12ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി കേരളത്തിലെത്തുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്നത്.


അതേസമയം,​ രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോൾ മോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്തതായി സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ ശബരിമല സന്ദർശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച നടത്തും.

കേരളത്തിൽ സീറ്റുറപ്പിക്കാൻ പ്രധാനമന്ത്രിയുടെ വരവോടെ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി കേരള ഘടകം. പ്രചാരണത്തിൽ രാഷ്ട്രീയ തന്ത്രങ്ങൾ പ്രയോഗിച്ച് ഏതുവിധേനയും സീറ്റുറപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ബി.ജെ.പിക്ക് ഉള്ളത്. പ്രധാനമന്ത്രിയുടെ സന്ദ‌ർശനത്തോടെ പ്രചാരണ പദ്ധതികൾക്ക് ആക്കം കൂട്ടാനാണ് ബി.ജെ.പിയുടെ ശ്രമം. ഏപ്രിൽ 12-നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്.

പത്രികാസമർപ്പണം പൂർത്തിയായതോടെ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തിലാണ് മോദി എത്തുന്നത്. ഈ ഘട്ടത്തിൽത്തന്നെ വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു മടങ്ങിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായിട്ടാണ് നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്.