വളരെ ചെറുപ്പത്തിൽ ലഭിച്ച ഒരു പുരസ്‌കാരമാണ് തന്നെ കുറച്ച് 'മോശമാക്കി'യതെന്ന് നടൻ മമ്മൂട്ടി. ഉയരെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മെഗാസ്‌റ്റാറിന്റെ രസകരമായ പരാമർശം. ടൊവിനോ തോമസ്, പാർവതി, ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ഉയരെയുടെ നിർമ്മാണം ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിൽ നിന്നുള്ള എസ് ക്യൂബ് ഫിലിംസാണ്.
മമ്മൂട്ടിയുടെ വാക്കുകൾ
'തൃഷ്ണ എന്ന സിനിമയുടെ ഷൂട്ടിംഗ് കൊടൈക്കനാലിൽ നടക്കുമ്പോഴാണ് അഹിംസ എന്ന സിനിമയിൽ അഭിനയിക്കാൻ ഗംഗേട്ടനും (പി.വി ഗംഗാധരൻ) ദാമോദരൻമാഷും (ടി. ദാമോദരൻ) എന്നെ ക്ഷണിക്കുന്നത്. നേരിട്ട് വന്ന് വിളിക്കുകയായിരുന്നു. അഹിംസയിൽ ഒരു കഥാപാത്രം ഉണ്ട്. അതിൽ അഭിനയിക്കാൻ താനേയുള്ളൂ എന്ന് പറഞ്ഞു. അന്ന് ഞാൻ ആകെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ഒരുപാട് നടൻമാർ ഇൻഡസ്ട്രിയിൽ ഉണ്ട്. എന്നെ തന്നെ അഭിനയിക്കാൻ വിളിച്ചതിൽ എനിക്ക് വലിയ സന്തോഷം തോന്നി. ആദ്യമായി എനിക്ക് ഒരു അവാർഡ് കിട്ടുന്നത് ആ സിനിമയിലാണ്. സംസ്ഥാന ചലച്ചിത്ര സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അഹിംസയിലെ അഭിനയത്തിന് എനിക്ക് ലഭിച്ചു. ആ പുരസ്‌കാരം എനിക്ക് പ്രോത്സാഹനം ആയിരുന്നുവെങ്കിലും, അത് എന്നെ കുറച്ച് മോശമാക്കി (ചിരിക്കുന്നു). കാരണം വളരെ ചെറുപ്പത്തിൽ ലഭിച്ച പുരസ്‌കാരമായിരുന്നു. സിനിമ സ്വപ്നമായി കണ്ട് ജീവിച്ച എനിക്ക് ആ പുരസ്‌കാരം നൽകിയ ധൈര്യം വളരെ വലുതായിരുന്നു. ഐ.വി ശശിയും ദാമോദരൻ മാസ്റ്ററും ഇന്ന് നമ്മോടൊപ്പമില്ല. എന്നിരുന്നാലും ഈ അവസരത്തിൽ ഞാൻ അവരെ ഓർക്കുകയാണ്.
ചെമ്മീന് ശേഷം വളരെ ഖ്യാതി നേടിയ വടക്കൻ വീരഗാഥയിലേക്ക് എന്നെ തിരഞ്ഞെടുത്തതിന് പിന്നിലും ഇവരുടെ നിർബന്ധമായിരുന്നു. എന്നെ തന്നെ വേണമെന്ന് പറയമ്പോൾ അത് എന്നോടുള്ള പ്രത്യേക സ്‌നേഹം കൊണ്ടാണ്. ഇത് പുതിയ തലമുറയിൽപ്പെട്ടവരുടെ സിനിമകളുടെ കാലമാണ്. എന്നാലും ഈ കാലഘട്ടത്തിൽ നമ്മൾ ഇവിടെ ഉണ്ടല്ലോ. ഞാനും ഈ തലമുറയിൽപ്പെട്ട ആളാണല്ലോ (ടൊവിനോയെ നോക്കി ചിരിച്ചു കൊണ്ടു ചോദിക്കുന്നു).