അനിതര സാധാരണമായ പൊതുതിരഞ്ഞെടുപ്പിനെയാണ് ഈ കൊടുംവേനലിൽ ഇന്ത്യൻ ജനത അഭിമുഖീകരിക്കുന്നത്. ഒരു പക്ഷേ, എല്ലാ മുൻധാരണകളെയും, കണക്കുകൂട്ടലുകളെയും തെറ്റിക്കാൻ സാദ്ധ്യതയുള്ള വോട്ടെടുപ്പ്. പ്രകടമായ തരംഗമോ, വ്യക്തമായ ധ്രുവീകരണമോ ഇല്ലാത്തത് കൊണ്ട് തന്നെ, ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകുന്നത് അപ്രതീക്ഷിത അടിയൊഴുക്കുകളായിരിക്കും. കൊടുംചൂടിലും വരൾച്ചയിലും, കർഷകപ്രക്ഷോഭങ്ങളിലും പതറിനിൽക്കുന്ന രാജസ്ഥാനും, ഈയൊരു സങ്കീർണ സമസ്യയിൽ നിന്നും വ്യത്യസ്തമല്ല. വർഗജാതി സമവാക്യങ്ങളും, പ്രാദേശികതലത്തിൽ സ്വാധീനം ചെലുത്തുന്ന സൂക്ഷ്മമായ ഘടകങ്ങളും കൃത്യമായി നിർദ്ധാരണം ചെയ്താൽ മാത്രമേ രാജസ്ഥാന്റെ സംക്ഷിപ്ത ചിത്രം തെളിയുകയുള്ളൂ. എങ്കിൽക്കൂടിയും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള അതിവൈകാരിക ഘടകങ്ങൾ നിരീക്ഷണങ്ങളെ അപ്രസക്തമാക്കുകയും ചെയ്യാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളും നേടിയാണ് ബി.ജെ.പി രാജസ്ഥാനിൽ ആധിപത്യം സ്ഥാപിച്ചത്. രാജ്യമെമ്പാടും വീശിയടിച്ച 'വികാസ് പുരുഷനായ" മോദിതരംഗവും,രണ്ടാം യു.പി.എ ക്കെതിരായ കടുത്ത ജനവികാരവുമാണ് കോൺഗ്രസിനെ രാജസ്ഥാനിൽ പാടെ തകർത്തുകളഞ്ഞത്. എന്നാൽ, ഇക്കുറി, രാജസ്ഥാനിൽ നരേന്ദ്രമോദി ഒരു തരംഗമോ,വൈകാരികപ്രശ്നമോ ആകുന്നില്ല. മറിച്ച്, സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്വലമായ തിരിച്ചുവരവാണ് കണ്ടത്. തൊഴിലില്ലായ്മ, വരൾച്ച, കാർഷിക പ്രതിസന്ധി, നോട്ടുനിരോധനം, ജി.എസ്.ടി, അതിന്റെ ഉപോത്പന്നങ്ങളായ പരമ്പരാഗത തൊഴിലുകളുടെ തകർച്ച തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകർത്തതോടെ, 'അച്ചാ ദിൻ" പ്രതീക്ഷിച്ച സാധാരണക്കാർ നിരാശരായി. അതിന്റെ പ്രതിഫലനമാണ് സംസ്ഥാന തിരഞ്ഞെടുപ്പിൽ കണ്ടത്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടുബാങ്കുകളായ രജപുത്ര ഗുജ്ജർ സമുദായങ്ങളുടെയും, ഒപ്പം ദളിത്, ആദിവാസി, ഗ്രാമീണ വോട്ടുകളുടെയും പിന്തുണയോടെ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിലൂടെ ഭരണം പിടിച്ചെടുത്തെങ്കിലും, നേരിയ ഭൂരിപക്ഷം മാത്രം നേടാനായത്, ഇപ്പോഴും ബി.ജെ.പിക്ക് രാജസ്ഥാനിൽ ആഴമുള്ള വേരുകളുണ്ടെന്നു തന്നെയാണ് തെളിയിക്കുന്നത്. വസുന്ധര രാജെ സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും, സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അതിശക്തമായ പ്രചരണവും കർഷകസമരങ്ങളും സംവരണത്തിന് വേണ്ടിയുള്ള ഗുജ്ജരുകളുടെ പ്രക്ഷോഭവും, സർവോപരി രാഹുൽ ഗാന്ധിയുടെ റാലികളുമെല്ലാമാണ് ബി.ജെ.പിയുടെ പതനത്തിനിടയാക്കിയത്.
ഈ സാമൂഹ്യരാഷ്ട്രീയ സാഹചര്യങ്ങൾ ഏറെക്കുറെ നിലനിൽക്കുന്നുണ്ടെങ്കിലും, സമാനമായ ഒരു തിരഞ്ഞെടുപ്പ് ഫലമുണ്ടാകുമോയെന്ന് ഉറപ്പു പറയാനാവില്ല. കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് പറയുന്ന രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ 20 കൊല്ലമായി രാജസ്ഥാനിൽ കണ്ടുവരുന്ന രസകരമായ ഒരു സാഹചര്യമാണ്. അസംബ്ലി തിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിതന്നെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടുന്ന പ്രവണതയാണത്. 2013 ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച ബി.ജെ.പി തുടർന്നുവന്ന പൊതുതിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടിയിരുന്നു. 2009 ൽ, സമാനഅനുഭവമായിരുന്നു കോൺഗ്രസിനും. അതുകൊണ്ടുതന്നെ, 20 സീറ്റെങ്കിലും നേടാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കർഷക കടാശ്വാസം, കോൺഗ്രസിന്റെ ക്ഷേമപദ്ധതികളിൽ ഊന്നിയുള്ള പ്രകടനപത്രിക, ഗുജ്ജർ സംവരണം, റാഫേൽ അഴിമതിയാരോപണം, സമർത്ഥമായ ജാതിസമവാക്യങ്ങൾ, മോദിയുടെ വാഗ്ദാനലംഘനങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള പ്രചാരണം, രാഹുൽഗാന്ധിയുടെ റാലികൾ, പ്രിയങ്കയുടെ രംഗപ്രവേശം എന്നിവയിലൂടെ അസംബ്ലി തിരഞ്ഞെടുപ്പിലെ മുൻതൂക്കം ആവർത്തിക്കാമെന്ന് പാർട്ടി കരുതുന്നു. പൊതുവേ ദുർബലമായ പ്രാദേശിക പാർട്ടി സംവിധാനം കുറേക്കാലങ്ങൾക്കു ശേഷം പ്രവർത്തന സജ്ജവുമാണ്. സീറ്റുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടെങ്കിലും, കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വോട്ട് ഷെയർ വ്യത്യാസം കേവലം അരശതമാനം മാത്രമായിരുന്നു. ഒപ്പം 22 ശതമാനം വോട്ടുഷെയർ നേടിയത് സ്വതന്ത്രരും, മറ്റുപാർട്ടികളുമായിരുന്നു. ബഹുജൻസമാജ് പാർട്ടിക്ക് ഇപ്പോഴും രണ്ടര ശതമാനത്തിലധികം വോട്ടർമാരുടെ പിന്തുണയുണ്ട്.
സാമുദായിക ഘടകങ്ങൾ രണ്ടുകൂട്ടർക്കും അനുകൂലവും പ്രതികൂലവുമാണ്. ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ജാട്ടുകൾ കഴിഞ്ഞ തിരഞെടുപ്പിൽ കോൺഗ്രസിനെയാണ് പിന്തുണച്ചത്. കാർഷിക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് ജാട്ടുകളെയായതുകൊണ്ട് തന്നെ പൊതുതിരഞ്ഞെടുപ്പിലും അവർ ബി.ജെ.പിയെ എതിർക്കാനാണ് സാദ്ധ്യത. എങ്കിലും, ജാട്ട് നേതാവായ ഹനുമാൻ ബെനിവാൾ എൻ.ഡി.എയിൽ ചേർന്ന് നഗൗരിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ജാട്ടുകളുടെ പൂർണ പിന്തുണ കോൺഗ്രസിന് കിട്ടുമെന്ന് ഉറപ്പിച്ചു പറയാനാവില്ല.
ജനസംഖ്യയുടെ ഒൻപതു ശതമാനത്തോളം വരുന്ന രജപുത്രരും, നിർണായക ശക്തിയായ ഗുജ്ജരുകളും ആരോടൊപ്പം നിൽക്കുമെന്നത് വളരെ പ്രസക്തമാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഇരുകൂട്ടരും കോൺഗ്രസിന് പിന്തുണ നൽകാനാണ് സാധ്യത. മുൻമന്ത്രി ജസ്വന്ത് സിങ്ങിന് കഴിഞ്ഞ തവണ ബി.ജെ.പി സീറ്റ് നിഷേധിച്ചതോടെയാണ് രജപുത്രരുടെ പരമ്പരാഗത വോട്ടുബാങ്ക് ബി.ജെ.പിയിൽ നിന്നകലാൻ തുടങ്ങിയത്. പദ്മാവത് സിനിമയുമായി ബന്ധപ്പെട്ടുള്ള കലാപങ്ങളും വസുന്ധര രാജെ സിന്ധ്യയുടെ നയങ്ങളുമൊക്കെ അവരുടെ വികാരം വ്രണപ്പെടുത്തി. ഈ അകൽച്ച മുതലെടുക്കാൻ പരമാവധി ശ്രമിക്കുന്ന കോൺഗ്രസ് ഇക്കുറി ജസ്വന്ത് സിംഗിന്റെ മകന് സീറ്റും കൊടുത്തു. ഗുജ്ജരുകൾ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതിൽ അസംതൃപ്തരാണെങ്കിലും, സംവരണം നൽകാനുള്ള ബില്ല് പാസാക്കിയതോടെ കോൺഗ്രസിനെ പിന്തുണയ്ക്കാനാണ് സാദ്ധ്യത.
ദളിത്, ആദിവാസി, മുസ്ലിം പിന്നാക്ക സമുദായങ്ങൾ മോഡി സർക്കാരിന്റെ കാലത്ത് ഏറെ അസംതൃപ്തരായിരുന്നു. പശുസംരക്ഷണവുമായി ബന്ധപ്പെട്ട ആൾക്കൂട്ട കൊലപാതകങ്ങളും, സവർണഹൈന്ദവ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളും മറ്റും ഈയൊരു വിഭാഗത്തെ ബി.ജെ.പിയിൽ നിന്നും പാടെ അകറ്റിയിട്ടുണ്ടെങ്കിലും, അതിന്റെ പൂർണഫലം കോൺഗ്രസിനു ലഭിക്കാനിടയില്ല. മതേതര വോട്ടുകളുടെ ചിതറൽ രാജസ്ഥാനിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നതും കോൺഗ്രസിന്റെ വിജയപ്രതീക്ഷകളെയാണ്. ആൾവാർ, അജ്മീർ,കോട്ട,ഉദയ്പൂർ തുടങ്ങിയ മണ്ഡലങ്ങളിൽ ബി.എസ്പിയുടെ സ്ഥാനാർഥികൾ നല്ല മത്സരം കാഴ്ചവയ്ക്കുമ്പോൾ അതിന്റെ ഗുണം കിട്ടുന്നത് ബി.ജെ.പിക്കായിരിക്കും. അതുപോലെ തന്നെ ഭാരതീയ ട്രൈബൽ പാർട്ടി, കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ മേവാർ മേഖലയിൽ നിന്നും രണ്ട് സീറ്റുകൾ നേടിയിരുന്നു. ഇത്തവണയും ഉദയ്പൂർ, ചിറ്റോർ തുടങ്ങിയ സീറ്റുകളിൽ ആദിവാസി വോട്ടുകൾ ഭിന്നിപ്പിക്കാൻ ഇവർക്ക് കഴിയും.
എല്ലാറ്റിനുമുപരിയായി, വടക്കൻ രാജസ്ഥാനിൽ സി.പി.എം മൂന്ന് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. അഖിലേന്ത്യാ കിസാൻസഭ നേതാവും മുൻ എം.എൽ.എയുമായ അമരരാം സിക്കരിൽ മത്സരിക്കുന്നുണ്ട്. സി.പി.എമ്മിന്റെ സാന്നിദ്ധ്യം കർഷക മതേതര വോട്ടുകളിൽ വിള്ളലുണ്ടാക്കാനും ബി.ജെ.പിയെ സഹായിക്കാനുമാണ് ഏറെ സാധ്യത.
ചുരുക്കത്തിൽ, മതേതര ഗ്രാമീണ കർഷക വോട്ടുകളെ ബി.ജെ.പിക്ക് എതിരായി സമാഹരിക്കാനും, ഒരൊറ്റ വികൽപ്പത്തിലേക്ക് വിന്യസിപ്പിക്കാനും കോൺഗ്രസ്,ബി.എസ്.പി,ഇടതുകക്ഷികൾ പരാജയപ്പെട്ടത്, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ മേൽക്കൈ കുറെയൊക്കെ ഇല്ലാതാക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ താരതമ്യേന പിന്തുണച്ചത് നഗരങ്ങളിലെ വോട്ടർമാരാണ്. ഇത്തവണയും, അതിൽ വലിയ മാറ്റമുണ്ടാകാനിടയില്ല. ബാലാകോട്ട് സംഭവത്തിന് ശേഷം, അതിർത്തി സംസ്ഥാനം കൂടിയായ രാജസ്ഥാനിൽ ശക്തനായ ഭരണാധികാരി എന്ന മോഡിയുടെ ഇമേജ് നഗരങ്ങളിലെ ഇടത്തരക്കാർക്കിടയിലും വരേണ്യവർഗത്തിനിടയിലും താരതമ്യേന വർദ്ധിച്ചിട്ടുണ്ട്. റാഫേൽ അഴിമതി ഫലപ്രദമായി ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ,മോദിയുടെ പ്രസക്തി ഇല്ലാതായി എന്ന ദക്ഷിണേന്ത്യൻ പൊതുബോധം രാജസ്ഥാനിൽ അത്രയേറെ ശക്തമല്ല.
ചുരുക്കത്തിൽ, ഈ ഘടകങ്ങളൊക്കെ പരിഗണിച്ചാൽ, ബി.ജെ.പിക്ക് ഏകദേശം പതിനൊന്നു മുതൽ പതിനഞ്ചു വരെയും, കോൺഗ്രസിന് ഒൻപതു മുതൽ 14 വരെയും സീറ്റുകൾ കിട്ടാനാണ് സാധ്യത. ബി.ജെ.പിക്ക് മുൻ തിരഞ്ഞെടുപ്പിൽ കിട്ടിയ പല സീറ്റുകളും ഇക്കുറി നഷ്ടപ്പെടും. അതുപോലെ അസംബ്ലി തിരഞ്ഞെടുപ്പിൽ കിട്ടിയ വിജയം കോൺഗ്രസിന് കിട്ടാനും ഇടയില്ല.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തിനിടയിലും ബി.ജെ.പി പിടിച്ചു നിന്നത് മോദിയുടെ പ്രസംഗങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ തവണത്തേക്കാൾ ദുർബലമാണെങ്കിലും തീവ്ര ഹൈന്ദവബിംബങ്ങളും, എതിരാളികളെ രാജ്യവിരോധികളായി അവതരിപ്പിക്കുന്ന 'ഹിന്ദുഹൃദയസാമ്രാട്ട് " , 'ചൗക്കിദാർ മോഡൽ"രക്ഷക നരേഷനുകളും വിഭജനത്തിന്റെ ഓർമ കൊണ്ടുനടക്കുന്ന അതിർത്തി സംസ്ഥാനത്തിൽ ധ്രുവീകരണമുണ്ടാക്കാൻ പര്യാപ്തമാണ്. അതിനെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധിയുടെ 'മതേതര ക്ഷേമ പാരസ്പര്യ ' നരേറ്റീവിന് എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും രാജസ്ഥാനിലെ വിധിയെഴുത്ത്.