ദയൂബന്ത്: ഇത്തവണ ചെറുതും വലുതുമായ എത്ര കാവൽക്കാർ ശ്രമിച്ചാലും ബി.ജെ.പിയെ തിരികെ അധികാരത്തിൽ എത്തിക്കാനാവില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. ബി.ജെ.പിയുടെ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവരുടെ പരാജയത്തിന് കാരണമാകുമെന്നും അവർ കൂട്ടിച്ചേർത്തു. സമാജ്‌വാദി പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ.എൽ.ഡി നേതാവ് അജിത് സിംഗ് തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു.
ഇത്രകാലം ഭരിച്ചിട്ടും രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തി. പാവപ്പെട്ടവർക്ക് ധനസഹായം നൽകുന്നതിന് പകരം അവർക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതികളാണ് ഞങ്ങൾ ആസൂത്രണം ചെയ്യുന്നത്. പണ്ട് രാജ്യത്തെ ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി ഇന്ദിരാഗാന്ധി ഇരുപതിന പരിപാടി കൊണ്ടുവന്നെങ്കിലും അത് ഫലം കണ്ടില്ല. മറ്റ് പാർട്ടികളെപ്പോലെ കോലാഹലമുണ്ടാക്കാൻ ഞങ്ങളില്ല. ബഹളമുണ്ടാക്കാതെ നിശബ്‌ദരായി പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. കോൺഗ്രസ് പാർട്ടി വിഭാവനം ചെയ്യുന്ന ന്യായ് പദ്ധതി വേണ്ടത്ര ഫലം കാണില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യം ഭരിക്കുന്ന ബി.ജെ.പി അന്വേഷണ ഏജൻസികളെ മുഴുവൻ രാഷ്ട്രീയ ആയുധങ്ങളാക്കിയെന്നും മായാവതി ആരോപിച്ചു. ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെപ്പോലും മോദിയും കൂട്ടരും ദ്രോഹിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ കാര്യത്തിൽ വരെ ഇപ്പോൾ വിവേചനമാണ്. കോൺഗ്രസ് ബോഫോഴ്സിൽ അഴിമതി നടത്തിയെങ്കിൽ മോദി റാഫേലിലാണ് അഴിമതി നടത്തുന്നത്. തിരഞ്ഞെടുപ്പിൽ നടത്തിയ വാഗ്‌ദാനങ്ങൾ പോലും ബി.ജെ.പിക്ക് നടപ്പിക്കാനായിട്ടില്ല. എന്നാൽ ഇപ്പോഴും പാഴ് വാഗ്‌ദാനങ്ങൾ നൽകുന്ന തിരക്കിലാണ് മോദിയും കൂട്ടരുമെന്നും മായാവതി പറഞ്ഞു.