napoleon

ഒരു പതിറ്റാണ്ടു കാലം ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് തന്റെ ഭാര്യയ്‌ക്ക് അയച്ച പ്രണയ ലേഖനങ്ങൾ ലേലത്തിൽ വിറ്റുപോയത് നാലു കോടി രൂപയ്‌ക്ക്. പ്രണയത്തിലാകുമ്പോൾ ഏത് വീര ചക്രവർത്തിയും ലോല ഹൃദയനാകുമെന്ന ഈ കൗതുകം കൊണ്ടാണ് നെപ്പോളിയന്റെ പ്രണയ ലേഖനങ്ങൾ ലേലത്തിൽ വച്ചപ്പോൾ അത് വാങ്ങാൻ ആളുകൾ മത്സരിച്ചത്.

തിരക്കുകൾക്കിടയിൽ നെപ്പോളിയൻ പ്രണയം തുളുമ്പുന്ന കത്തുകൾ എഴുതിരുന്നത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന ജോസഫൈൻ ഡി ബ്യുഹർനൈസിനെയായിരുന്നു. മക്കളുണ്ടാകാത്തതിന്റെ പേരിൽ ഇരുവരും പിന്നീട് വിവാഹ മോചിതരായെങ്കിലും ജോസഫൈനോടുള്ള നെപ്പോളിയന്റെ പ്രണയം അവസാനിച്ചിരുന്നില്ല. മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുൻപ് നെപ്പോളിയൻ അവസാനമായി ഒരു മന്ത്രം പോലെ ഉച്ചരിച്ചത് ജോസഫൈൻ എന്ന വാക്കായിരുന്നു.

‘ഒരു കത്ത് പോലും അയക്കുന്നില്ലല്ലോ മാന്യ സുഹൃത്തെ നീ. നീ നിന്റെ ഭർത്താവിനെ മറന്നു. പലവിധ ഭരണകാര്യങ്ങളും വ്യാപാരവും കൊണ്ട് ആകെ ക്ഷീണിച്ച് അവശനായ ഭർത്താവിനെ നീ മറന്നു. അയാളോ തിരക്കുകൾക്കിടയിലും നിന്നെ മാത്രം ഓർത്തുകൊണ്ടിരിക്കുന്നു. നിന്നെ മാത്രം മോഹിക്കുന്നു. ഞാൻ ആകെ ഏകനാണ്. നീ എന്നെ മറന്നു.’ അദ്ദേഹത്തിന്റെ കത്തിലെ വരികളാണിത്. 1796 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുന്ന സമയത്ത് നെപ്പോളിയന്‌ 26 വയസ്സായിരുന്നു. ആ സമയത്ത് ജോസഫൈൻ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരിയായിരുന്നു.

രണ്ട് നൂറ്റാണ്ട് മുമ്പ് വാട്ടർലൂ യുദ്ധത്തിൽ വീണ നെപ്പോളിയന്റെ തൊപ്പി നാല് ലക്ഷം ഡോളറിനാണ് ലേലത്തിൽ വിറ്റുപോയത്. വാട്ടർലൂ തൊപ്പി സ്വന്തമാക്കാൻ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആൾക്കാർ എത്തിയെങ്കിലും പേര് വെളിപ്പെടുത്താത്ത ഒരു യൂറോപ്യനാണ് ഇത് സ്വന്തമാക്കിയത്.