അമ്റോഹ: അന്ധതയെ അതിജീവിച്ച് സിവിൽ സർവീസ് നേടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ അമ്റോഹ സ്വദേശിയായ സതേന്ദർ സിംഗ്. 714ാം റാങ്ക് ആണ് സതേന്ദർ കരസ്ഥമാക്കിയത്. അപ്രതീക്ഷിതമായാണ് സതേന്ദർ സിംഗിന് കാഴ്ചശക്തി നഷ്ടമാകുന്നത്. ''ഒന്നര വയസ്സുള്ളപ്പോഴാണ് ന്യൂമോണിയ പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. എന്നാൽ, നൽകിയ ഇഞ്ചക്ഷൻ മാറിപ്പോയി. ഒപ്ടിക് ഞരമ്പുകൾക്ക് തകരാറ് സംഭവിച്ചു. അങ്ങനെ കാഴ്ചശക്തി നഷ്ടപ്പെട്ടു.''-സതേന്ദർ പറയുന്നു.
കോളജ് കാലഘട്ടമാണ് സതേന്ദറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത തന്നെ അദ്ധ്യാപകരും സുഹൃത്തുക്കളും സഹായിച്ചു. റീഡിംഗ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് വായിച്ചിരുന്നത്. എല്ലാവരും വായിക്കുന്നതുപോലെയാണ് ഞാനും വായിച്ചിരുന്നത് എന്ന് സതേന്ദർ പറയുന്നു. തുടർന്ന് ജെ.എൻ.യുവിൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാന്തര ബിരുദം.
എംഫിലും പൂർത്തിയാക്കി. മൂന്നാം ശ്രമത്തിലാണ് സതേന്ദർ സിവിൽ സർവീസ് പരീക്ഷയിൽ നേട്ടം സ്വന്തമാക്കിയത്. സിവിൽ സർവീസ് മുന്നിൽക്കണ്ട് പഠിക്കുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നെന്നും, കോർപ്പറേറ്റ് ജോലികളേക്കാൾ സന്തോഷം നൽകുന്ന ജോലികൾ നൽകുമെന്നതിനാലാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തതെന്നും സതേന്ദർ പറഞ്ഞു.