കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിക്കുന്ന ദിവസം പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ജലന്ധർ രൂപതയുടെ ആഹ്വാനം. സത്യം പുറത്തുവരേണ്ടത് സഭയുടെ ആവശ്യമാണ്. അതിന് കൂട്ടായ പ്രാർത്ഥനയാണ് ആവശ്യം-അഡ്മിനിസ്‌ട്രേറ്റർ സന്ദേശത്തിൽ പറഞ്ഞു. കുറ്റപത്രം സമർപ്പിക്കുന്ന ചൊവ്വാഴ്ച വിശ്വാസികൾ പ്രാർത്ഥനാദിനത്തിന്റെ ഭാഗമാകണമെന്നും സഭയിലെ വൈദികർ ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നുമാണ് നിർദ്ദേശം.
കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം നേരിടുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം കോടതിയിൽ നാളെ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് തയ്യാറായത്. ഉടൻ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്തുമെന്ന് കന്യാസ്ത്രീകൾ പ്രഖ്യാപിച്ചിരുന്നു.