ന്യൂഡൽഹി: കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമർശനവുമായി
ബിഎസ്.പി നേതാവ് മായാവതി. ഉത്തർപ്രദേശിലെ സഹറാൻപൂരിൽ എസ്.പി -ബി.എസ്.പി - ആർ.എൽ.ഡി സഖ്യത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി. കോൺഗ്രസും ബി.ജെ.പിയും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഇരുപാർട്ടികളും പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. വെറുപ്പ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ബി.ജെ.പിയുടേത്. തെറ്റായ നയങ്ങളും പ്രവൃത്തികളും കാരണം അധികാരം നഷ്ടപ്പെടുമെന്ന് മായാവതി പറഞ്ഞു. ചൗക്കീദാർമാർ എത്ര ശ്രമിച്ചാലും ബി.ജെ.പിയെ രക്ഷിക്കാൻ കഴിയില്ലെന്നും മഹാസഖ്യം അധികാരത്തിൽ വരുമെന്നും അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസും ബി.ജെ.പിയും ഒരേ കണ്ണാടിയുടെ ഇരുവശങ്ങളാണെന്നും വികസനമല്ല, അധികാരം മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യമമെന്നും എസ്.പി നേതാവ് അഖിലേഷ് യാദവും കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ന്യായ് പദ്ധതിയെയും മായാവതി വിമർശിച്ചു. ജനങ്ങളെ പ്രലോഭിപ്പിക്കുന്ന പദ്ധതിയാണ് ന്യായ്. 6000 രൂപയ്ക്കു പകരം സർക്കാർ-സ്വകാര്യ മേഖലകളിൽ തൊഴിലാണ് മഹാസഖ്യം വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും പാവങ്ങളെ ഓർക്കുന്നത് - മായാവതി പറഞ്ഞു.
മുസ്‌ലിം സമുദായത്തിനടക്കം ഞാൻ മുന്നറിയിപ്പ് നൽകുകയാണ്. ഉത്തർപ്രദേശില്‍ ബി.ജെ.പിയെ നേരിടാനുള്ള ശക്തി കോൺഗ്രസിനില്ല. മഹാഘട്ബന്ധന് മാത്രമേ അവർക്കെതിരെ പോരാടാനാകൂ. മായാവതി പറഞ്ഞു.