ഭോപ്പാൽ: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരുക്കെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥിന്റെ വിശ്വസ്തരുടെ ഭവനങ്ങളിൽ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. കമൽനാഥിന്റെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രവീൺ കക്കാഡ്, മുൻ ഉപദേഷ്ടാവ് രാജേന്ദ്ര മിഗലാനി തുടങ്ങിയവരുടെ ഇൻഡോർ, ഭോപ്പാൽ, ഡൽഹിയിലെ ഗ്രീൻ പാർക്ക് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കക്കാഡും മിഗലാനിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവച്ചിരുന്നു. ഇരുവരുടെയും വസതികളിൽ നടത്തിയ റെയ്ഡിൽ ഒമ്പത് കോടി രൂപ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. കാക്കഡിന്റെ വീട്ടിൽ പുലർച്ചെ മൂന്നുമണിയോടെ ആരംഭിച്ച റെയ്ഡ് രാവിലെയാണ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് കാലയളവിൽ ഹവാല വഴി ഇരുവരും വൻതോതിൽ പണമിടപാട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് - ജെ.ഡി.എസ് സഖ്യവുമായി ബന്ധമുള്ളവരുടെ വീടുകളിൽ ദിവസങ്ങൾക്കു മുമ്പ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനായി സർക്കാരിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽ ആദായനികുതിവകുപ്പ് ഓഫീസിന്റെ മുന്നിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു.
ആന്ധ്രയിൽ ഭരണകക്ഷിയായ ടി.ഡി.പിയുടെ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെരുവിലിറങ്ങിയിരുന്നു. അതേസമയം, ബി.ജെ.പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളെ കേന്ദ്രം ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മന:പൂർവം ലക്ഷ്യം വയ്ക്കുകയാണെന്ന് വലിയതോതിൽ വിമർശനങ്ങളുയരുന്നുണ്ട്.