india-attack-pakistan

കറാച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെ ഏപ്രിൽ ഏപ്രിൽ 16നും 20നും മദ്ധ്യേ ഇന്ത്യൻ സായുധസേന പാകിസ്ഥാനിൽ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആരോപിച്ചു. പാകിസ്ഥാനിൽ ആക്രമണം നടത്താൻ ഇന്ത്യ ഒരുങ്ങുന്നതായി ഞങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾക്ക് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യം തെളിയിക്കുന്നതിന് ആവശ്യമായ എന്ത് വിവരങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം രാജ്യത്തോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്ഥാന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.

ഫെബ്രുവരി 14ന് ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരയുണ്ടായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിൽ ഏതാണ്ട് 40 സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പ്രതികാരമെന്നോണം അതിർത്തി കടന്ന ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കി. എന്നാൽ ഇതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ വഷളായി. ആണവ മിസൈലുകൾ കൈവശമുള്ള രണ്ട് രാജ്യങ്ങൾ പരസ്പരം പോർവിളിയുമായി രംഗത്തെത്തിയത് ലോകസമാധാനത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്ക പോലുള്ള രാജ്യങ്ങൾ അവകാശപ്പെട്ടു. ഇതിനിടയിൽ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടയിൽ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് സൈന്യത്തിന്റെ പിടിയിലായി. മണിക്കൂറുകൾക്ക് ശേഷം അഭിനന്ദൻ സുരക്ഷിതമായി ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് താത്കാലിക വിരാമമായത്. എന്നാൽ ഇതിന് ശേഷവും ഇന്ത്യ തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന് പാകിസ്ഥാൻ ആരോപിക്കുന്നുണ്ട്.