ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാകില്ലെന്നും ഡൽഹിയിലെ കാര്യം തീരുമാനിച്ച് അറിയിക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല വ്യക്തമാക്കി. അതേസമയം, ഡൽഹിയിൽ സഖ്യമുണ്ടാക്കുകയാണെങ്കിൽ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നാണ് എ.എ.പി നിലപാട്. ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്.
"ഹരിയാനയിലും പഞ്ചാബിലും എ.എ.പിയുമായി സഖ്യ കാര്യത്തിൽ ചർച്ചയില്ല. രണ്ട് സംസ്ഥാനങ്ങളിലേയും സ്ഥാനാർത്ഥികളെ ഞങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഡൽഹിയുടെ കാര്യത്തിൽ തീരുമാനത്തിന് കാത്തിരിക്കൂ. ഡൽഹിയിൽ എ.എ.പിയുമായുള്ള സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡൽഹിയിൽ ആകെയുള്ള ഏഴിൽ മൂന്ന് സീറ്റുകൾ എ.എ.പി വാഗ്ദാനം ചെയ്തിരുന്നെങ്കിലും പി.സി.സി പ്രസിഡന്റ് ഷീല ദീക്ഷിത് അടക്കമുള്ളവർ സഖ്യത്തെ എതിർക്കുകയായിരുന്നു.
അതേസമയം, ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി ചാക്കോ അടക്കമുള്ള നേതാക്കൾ എ.എ.പി സഖ്യത്തിനായി ശക്തമായി വാദിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് എ.എ.പിയുമായി സഖ്യമുണ്ടാക്കിയാൽ അത് അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് ഷീല ദീക്ഷിതിന്റെ അഭിപ്രായം. അതേസമയം, ഇന്നലെ പി.സി ചാക്കോ രാഹുൽ ഗാന്ധിയുമായും ഷീല ദീക്ഷിതുമായും ചർച്ച നടത്തിയിരുന്നു.