രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ കായിക മത്സരമാകുന്ന ഒറ്റയിടമേയുള്ളൂ: രാജസ്ഥാനിലെ ജയ്‌പൂർ റൂറൽ. ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയും കേന്ദ്രമന്ത്രിയുമായ രാജ്യവർദ്ധൻസിംഗ് റാഥോഡും സിറ്റിംഗ് കോൺഗ്രസ് എം.എൽ.എ കൃഷ്‌ണ പൂനിയയും തമ്മിലാണ് പോരാട്ടം. വിശേഷം അതല്ല. രണ്ടുപേരും ഒളിമ്പ്യന്മാർ. റാഥോഡിന്റെ ഐറ്റം ഷൂട്ടിംഗ് ആണെങ്കിൽ കൃഷ്‌ണ പൂനിയയുടേത് ഡിസ്‌കസ് ത്രോ! എറിഞ്ഞിടുമോ വെടിവച്ചിടുമോ എന്നു ചോദിച്ചാൽ മതി.
അത്‌ലറ്റുകളാണെങ്കിലും താനും റാഥോഡും തമ്മിലുള്ള മത്സരം രണ്ട് ആശയസംഹിതകൾ തമ്മിലുള്ള പോരാട്ടമാണെന്നാണ് പൂനിയയുടെ പക്ഷം. കർഷക കുടുംബത്തിൽ പിറന്ന തനിക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ നന്നായറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടു തേടിയതു മുഴുവൻ നരേന്ദ്ര മോദിക്കു വേണ്ടിയായിരുന്നു. നൽകിയ വാഗ്‌ദാനങ്ങളെല്ലാം പൊള്ളയായിരുന്നെന്ന് അഞ്ചു വർഷംകൊണ്ട് തെളിഞ്ഞു. ആ തന്ത്രം ഇത്തവണ വിലപ്പോകില്ല- പൂനിയ പറയുന്നു. നാല്‌പതുകാരിയായ കൃഷ്‌ണ പൂനിയ ചുരു ജില്ലയിൽ ഉൾപ്പെട്ട സാദുൽപൂരിൽ നിന്നുള്ള എം.എൽ.എയാണ്.
കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസനമാണ് സിറ്റിംഗ് എം.പി രാജ്യവർദ്ധൻസിംഗ് റാഥോഡിന്റെ ഇലക്‌ഷൻ കാർഡ്. "അമ്പതു വർഷത്തിനിടെ രാജ്യത്ത് നടപ്പാകാത്തത്ര വികസനമാണ് വെറും അഞ്ചു വർഷംകൊണ്ട് മോദി സർക്കാർ സാദ്ധ്യമാക്കിയത്. ജയ്‌പൂർ മണ്ഡലത്തിൽ ഒരു വിവേചനവുമില്ലാതെ ഓരോ ഗ്രാമപഞ്ചായത്തിൽപ്പോലും വികസന പദ്ധതികൾ നടപ്പാക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്." രാജ്യവർദ്ധൻസിംഗിന്റെ അവകാശവാദം.
സൈന്യത്തിൽ നിന്ന് കേണലായി വളന്ററി റിട്ടയർമെന്റ് വാങ്ങിയാണ് റാഥോഡ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയിൽ ചേർന്നത്. വയസ്സ് 49. ഡബിൾ ട്രാപ്പ് ഷൂട്ടിംഗിൽ 25-ലധികം രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടിയ റാഥോഡ് 2004-ലെ വേനൽക്കാല ഒളിംപിക്‌സിൽ വെള്ളിമെഡൽ നേടി. പദ്മശ്രീ ബഹുമതി, രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം, അർജുന അവാർഡ്... അങ്ങനെ റാഥോഡിന്റെ അക്കൗണ്ടിൽ തിളക്കങ്ങളേറെയുണ്ട്. മൂന്നു തവണ ഒളിംപിക്‌സിൽ പങ്കെടുത്ത കൃഷ്‌ണ പൂനിയ, കോമൺവെൽത്ത് ഗെയിംസിൽ (2010) സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ്. കോൺഗ്രസിൽ ചേർന്നത് അതേ വർഷം.
2014-ലെ തിരഞ്ഞെടുപ്പിൽ 6,32,930 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാഥോഡ് ജയ്‌പൂർ പിടിച്ചത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സാദുൽപൂർ മണ്ഡലത്തിൽ നിന്ന് കൃഷ്‌ണ പൂനിയ തിരഞ്ഞെടുക്കപ്പെട്ടതാകട്ടെ, 18,084 വോട്ടുകൾക്കും. മേയ് ആറിന് രാജസ്ഥാനിലെ രണ്ടാംഘട്ട പോളിംഗിലാണ് ജയ്‌പൂർ റൂറൽ ലോക്‌സഭാ മണ്ഡലം വിധിയെഴുതുക. സിറ്റിംഗം എം.എൽ.എ റാഥോഡ് പൂനിയയെ വെടിവച്ചിടുമോ, അതോ കൃഷ്‌ണ പൂനിയ എം.എൽ.എ എതിരാളിയെ ഡിസ്‌കസ് എറിഞ്ഞു വീഴ്‌ത്തുമോ? വിക്‌ടറി സ്റ്റാൻഡിലേക്ക് ആരെത്തുമെന്ന് കാത്തിരിക്കുകയാണ് ജയ്‌പൂർ.