കൈവച്ച മേഖകളിലെല്ലാം വിജയക്കൊടി പാറിച്ച് മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഇതേ വിജയപാതയിലൂടെ സഞ്ചരിക്കുകയാണ് ഉപസ്ഥാപനങ്ങളായ ലുലു എക്‌സ്‌ചേഞ്ച്, ടേബിൾസ്, ട്വന്റി 14 ഹോൾഡിംഗ്സ് എന്നിവയെ നയിക്കുന്ന അദീബ് അഹമ്മദ്. സംരംഭങ്ങളുടെ വിജയപാതയിൽ പുത്തൻ തലമുറയ്ക്ക് മാതൃകയായി മുന്നേറുന്ന അദീബ് അഹമ്മദ്, 'കേരളകൗമുദി"യോട് മനസു തുറക്കുന്നു.
ലുലു ഗ്രൂപ്പിന്റെ പുതിയ തലമുറയിലെ 'ഹീറോ' എന്ന് താങ്കളെ വിശേഷിപ്പിക്കാം. താങ്കൾ സ്വയം എങ്ങനെ ഈ വിജയത്തെ വിലയിരുത്തുന്നു?
A. മൂന്ന് സംരംഭങ്ങളും മാനേജ് ചെയ്യുകയെന്നത് ശ്രമകരമായ ഒരു കാര്യമാണ്. നല്ലൊരു ടീം ഉള്ളതിനാലാണ് എല്ലാം നന്നായി മാനേജ് ചെയ്യാൻ സാധിക്കുന്നത്. ഏതൊരു സ്ഥാപനത്തിന്റെയും ആശയങ്ങൾ (ഐഡിയോളജി) മികച്ചതായിരിക്കും. എന്നാൽ, അത് നടപ്പാക്കുന്നത് സ്ഥാപനത്തിനകത്തുള്ള ജീവനക്കാരാണ്. അത്തരത്തിലുള്ള ഒരു മികച്ച ടീം എന്റെ കൂടെയുണ്ട്. അവർ കാര്യങ്ങൾ എളുപ്പമാക്കുന്നു. സ്ഥാപനത്തിന്റെ ലക്ഷ്യത്തിനായി ജീവനക്കാർ ഒന്നിച്ചു നില്ക്കുകയും ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നതും വിജയത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
ഹോസ്‌പിറ്റാലിറ്രി വിഭാഗമായ ട്വന്റി14 ഹോൾഡിംഗ്‌സ് വലിയ വികസന പദ്ധതികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. സ്‌കോട്‌ലൻഡ് യാർഡ് പഞ്ചനക്ഷത്ര ഹോട്ടൽ ഈവർഷം തുറക്കുകയാണ്. സ്‌കോട്‌ലൻഡിലെ പ്രശസ്‌തമായ വാൾഡോർഫ് അസ്‌റ്റോറിയ - ദി കാലിഡോണിയൻ പുരോഗമിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിന് അടുത്ത് ഹോട്ടൽ ഉൾപ്പെടെ കേരളത്തിലും വിവിധ പദ്ധതികൾ നടക്കുന്നു. കമ്പനിയുടെ ഇന്ത്യയിലെ മൊത്തം നിക്ഷേപത്തെ കുറിച്ചും മറ്ര് വികസന പദ്ധതികളെ കുറിച്ചും വിശദമാക്കാമോ?
A. കൊച്ചി വിമാനത്താവളത്തിന് അടുത്ത്, ഇന്ത്യയിലെ ആദ്യത്തെ ട്രിബ്യൂട്ട് പോർട്ട്ഫോളിയോ ബൈ മാരിയറ്റ് ഹോട്ടൽ നെടുമ്പാശേരിയിൽ സജ്ജമായി. ബംഗളൂരുവിൽ ഞങ്ങൾ രണ്ടു ഹോട്ടലുകൾ - മാരിയറ്റ്, റെസിഡൻസ് ഇൻ ബൈ മാരിയറ്റ് നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണൂർ എയർപോർട്ടിനടുത്തും ഹോട്ടൽ വികസിപ്പിച്ചെടുക്കുന്നുണ്ട്. വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോൾ വർദ്ധിച്ച് വരികയാണ്. പലരും വിവാഹങ്ങൾക്ക് അനുയോജ്യമായ മികച്ച ഇടമായി കേരളത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പക്ഷെ, അതിനാവശ്യമായ സൗകര്യങ്ങൾ സംസ്ഥാനത്തില്ലെന്നത് വെല്ലുവിളിയുയർത്തുന്നു. മെഡിക്കൽ ടൂറിസത്തിനും ആയുർവേദ മേഖലയ്ക്കും സംസ്ഥാനത്ത് മികച്ച സാദ്ധ്യതകളുണ്ട്. ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ നിക്ഷേപ സാദ്ധ്യതകൾ വർദ്ധിച്ചുവരികയാണ്. ഞങ്ങളുടെ കമ്പനി ഗ്രീൻഫീൽഡും ബ്രൗൺഫീൽഡുമായ പ്രോജക്‌ടുകൾ ഏറ്റെടുക്കുന്നുണ്ട്.
ഒട്ടേറെ രാജ്യങ്ങളിൽ ലുലു എക്‌സ്‌ചേഞ്ചിന് സാന്നിദ്ധ്യമുണ്ട്. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിൽ 30ഓളം ശാഖകൾ. ലുലു എക്‌സ്‌ചേഞ്ചിന്റെ വികസന പദ്ധതികൾ എന്തൊക്കെയാണ്?
A. കഴിഞ്ഞ ദശാബ്ദത്തിൽ 1,800 ലേറെ ജീവനക്കാരോടെ 11 രാജ്യങ്ങളിലായി 200-ലേറെ ബ്രാഞ്ചുകൾ വികസിപ്പിച്ചെടുത്തത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. പണമിടപാട് വ്യവസായത്തെ സഹായിക്കാൻ ലുലു എക്സ്ചേഞ്ച് ഇന്ന് പ്രതിവർഷം 700 കോടി ഡോളറാണ് കൈമാറ്റം ചെയ്യുന്നത്. ഞങ്ങൾ ഒരു പേമെന്റ് സൊല്യൂഷൻ പ്രൊവൈഡറായി സ്വയം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് ലോകത്തെമ്പാടുമുള്ള മാർക്കറ്റ് ഷെയർ നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്. എമെർജിംഗ് ടെക്നോളജികൾ സാമ്പത്തിക സേവന വ്യവസായത്തിൽ പല മാറ്റങ്ങളും വരുത്തും. ഞങ്ങൾ ബിസിനസ് ചെയ്യുന്ന രീതിയെ തുടർച്ചയായി നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഡിജിറ്റൽ വളർച്ചയിലൂടെ യൂറോപ്പ്, തെക്ക് കിഴക്കൻ ഏഷ്യ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു.
2018ൽ രൂപ കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്. ക്രൂഡോയിൽ വിലയുടെ കയറ്റിറക്കങ്ങൾ രൂപയെ വല്ലാതെ ഉലച്ചു. ഗൾഫ് കറൻസികൾ രൂപയ്‌ക്കെതിരെ കാഴ്‌ചവച്ച മുന്നേറ്രം പ്രവാസികൾക്ക് ഗുണകരമായോ? ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്കിനെയും രൂപയുടെ ഭാവിയെയും താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
A. എണ്ണ വില വർദ്ധനയും ഇക്വിറ്റി മാർക്കറ്റിലെ ചലനങ്ങളും കണക്കിലെടുത്താണ് 2018ൽ രൂപയുടെ മൂല്യത്തകർച്ച ഉണ്ടായത്. യൂറോ, പൗണ്ട് ഉൾപ്പെടെയുള്ള എല്ലാ കറൻസികളും ഈ പശ്ചാത്തലത്തിൽ ദുർബലപ്പെട്ടിരുന്നു. 15 ശതമാനത്തോളം ഇടിവിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ എണ്ണവില കുറയുകയും, അമേരിക്കൻ ഡോളർ ദുർബലമാവുകയും ഇക്വിറ്റി മെച്ചപ്പെടുകയും ചെയ്ത കാരണത്താൽ രൂപ ശക്തിപ്പെട്ടിരുന്നു. കൂടാതെ, എഫ്.പി.ഐകൾ രൂപയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചു. വരുന്ന ഏതാനും മാസങ്ങളിൽ രൂപയുടെ മൂല്യത്തിന് ഗണ്യമായ മാറ്റങ്ങൾക്കുള്ള സാദ്ധ്യത കുറവാണ്. തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന മാറ്റങ്ങൾ താത്കാലികമാണ്. ഇന്ധന വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്യാപാര കമ്മി, പൊതു തിരഞ്ഞെടുപ്പ് തുടങ്ങിയവയുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.
ലുലു ഗ്രൂപ്പിന്റെ റീട്ടെയിൽ പങ്കാളിയായ ടേബിൾസ് ഫ്രാഞ്ചൈസിയായിട്ടുള്ള ടോയ്‌സ് ആർ അസിന്റെ ഇന്ത്യയിലെ നാലാമത്തെ സ്‌റ്റോർ തൃപ്രയാറിലെ വൈ മാളിൽ തുറന്നു. കൂടുതൽ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയുണ്ടോ? ആഗോള തലത്തിൽ ടേബിൾസ് ആസൂത്രണം ചെയ്‌തിട്ടുള്ള മറ്റ് വികസന പദ്ധതികൾ?
A. ടോയ്സ് ആർ അസിന്റെ കേരളത്തിലെ ആദ്യ സ്‌റ്റോറാണ് തൃപ്രയാറിലേത്. ബംഗളൂരുവിൽ രണ്ടും മംഗലാപുരത്ത് ഒന്നും പ്രവർത്തിക്കുന്നുണ്ട്. 2021ഓടെ 65 ടോയ്‌സ് ആർ അസ് സ്റ്റോറുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ വിമൻ സീക്രെട്ട്, കോൾഡ് സ്റ്റോൺ ക്രീമറി, ഗലീറ്റോസ് എന്നീ ബ്രാൻഡുകളുടെ ഫ്രാൻഞ്ചൈസി ഏറ്റെടുത്തിരിക്കുകയാണ്. 2019ൽ ബിൽഡ് എ ബെയർ, യോയോസൊ, ഗോസ്പോർട്സ് എന്നീ ബ്രാൻഡുകളുടെ ഔട്ലെറ്റുകളും തുറക്കാൻ പദ്ധതിയുണ്ട്. നിലവിൽ 60 സ്റ്റോറുകളാണ് ടേബിൾസിനുള്ളത്. 2021ഓടെ 300 സ്റ്റോറുകൾ തുറക്കാനാണ് ലക്ഷ്യം.
ബിസിനസ് രംഗത്തെ മികവിന് ഒട്ടേറെ അംഗീകാരങ്ങൾ താങ്കൾ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലെ വളർന്നു വരുന്ന പുതുതലമുറയോട്, മനസിൽ സംരംഭകത്വം താലോലിക്കുന്നവരോട് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
A. സമയത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കുക, മാറ്റത്തിനൊത്ത് നീങ്ങാൻ തയ്യാറാകുക എന്നത് വളരെ പ്രധാനമാണ്. ഏതൊരു സംരംഭമാണെങ്കിലും, എത്രമാത്രം വിജയിച്ചു നിൽക്കുന്നവയാണെങ്കിലും അവസാനിപ്പിക്കാതെ പരിശ്രമം തുടർന്നുകൊണ്ടിരിക്കുക.