modi

ഉദയ്‍‍പൂർ (ത്രിപുര) : തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും എന്തു തരംതാണ കളിയും കളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കെതിരെ കളിക്കാൻ പാക്കിസ്ഥാനെ സ്തുതിക്കാൻ പോലും പ്രതിപക്ഷം മടിക്കില്ലെന്നും മോദി പറ‍ഞ്ഞു. ത്രിപുരയിലെ ഉദയ്‍‍പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

ത്രിപുരയിലേയ്ക്ക് കടന്നു കയറാൻ മമതാ ബാനർജിയുടെ തൃണമൂൽ സർക്കാർ എല്ലാ ശ്രമവും നടത്തുന്നുണ്ട്. എന്നാൽ ജനം അത് അനുവദിക്കുന്നില്ലെന്ന് മോദി പറഞ്ഞു. 25 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ചവരാണ് ത്രിപുരയിലെ ജനങ്ങൾ. ഇടതുപക്ഷത്തിന്റെ അതിക്രമങ്ങൾ മുഴുവൻ ജനങ്ങൾ സഹിച്ചത് ബി.ജെ.പിക്ക് വഴിയൊരുക്കാനാണെന്ന് മോദി പറഞ്ഞു.

മോദിയെ പുറത്താക്കാൻ ഒന്നിച്ചു പ്രവർത്തിക്കുന്ന കോൺഗ്രസും ഇടതുപാർട്ടികളും എന്തു തരംതാണ നടപടി സ്വീകരിക്കാനും ഒരുക്കമാണ്. അയൽരാജ്യത്തെ ഭീകരവാദികൾക്കെതിരെ എൻ.ഡി.എ സർക്കാർ നടപടി സ്വീകരിക്കുമ്പോൾ പ്രതിപക്ഷം പാക്കിസ്ഥാന് സ്തുതിഗീതം പാടാൻ മടിക്കില്ലെന്നും മോദി പറഞ്ഞു. ഇടതുപാർട്ടികൾ രാജ്യത്തെക്കാൾ പ്രാധാന്യം നൽകുന്നത് പാർട്ടി തത്വങ്ങൾക്കാണെന്ന് മോദി പറഞ്ഞു. അവർക്ക് രാജ്യതാത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.