kodiyeri

തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ടുകൾ വാങ്ങിയ കമ്പനിക്ക് ലാവലിൻ ‍ബന്ധമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ഇടപാടിൽ അപാകതയില്ലെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു. 2150 കോടിയുടെ കിഫ്ബി മസാലബോണ്ടുകൾ വിദേശത്ത് വിറ്റഴിച്ചതിൽ ഏറിയപങ്കും വാങ്ങിയത് എസ്എൻസി ലാവലിൻ ബന്ധമുള്ള കനേഡിയൻ

കമ്പനിയാണെന്ന പ്രതിപക്ഷ ആരോപണം ഇന്നലെ കോടിയേരി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് തിരുത്തി കോടിയേരി രംഗത്ത് വന്നത്. ബോണ്ടുവാങ്ങിയ സി.ഡി.പി.ക്യുവിന് ലാവ്‌ലിൻ കമ്പനിയിൽ നിക്ഷേപം ഉണ്ടെന്ന് അദ്ദേഹം പരോക്ഷമായി സമ്മതിച്ചു.

അതേസമയം പ്സറ്നത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം താൻ ഉന്നയിച്ച് 24 മണിക്കൂറായിട്ടും മുഖ്യമന്ത്രിക്ക് മറുപടിയില്ല. എസ്എൻസി ലാവ്‌ലിനിൽ 20 ശതമാനം ഓഹരിയെടുത്തിട്ടുള്ള സിഡിപിക്യുവിന് ആ കമ്പനിയുമായി ബന്ധമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന വലിയ തമാശയാണെന്നും ചെന്നിത്തല പറഞ്ഞു.

വെറും ആറരശതമാനം പലിശക്ക് ബോണ്ട് വാങ്ങാൻ റിസർവ് ബാങ്ക് തയ്യാറായിരിക്കെ കൊള്ളപ്പലിശക്ക് വിദേശത്ത് ബോണ്ട് വിറ്റഴിച്ചതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി .സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. ലാവ്‌‌ലിനുമായി ബന്ധപ്പെട്ട് തന്നെയാണ് ഇടപാടുകളെന്നും വൻ അഴിമതി ഉണ്ടെന്നും സതീശൻ ആരോപിച്ചു.