ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് ശശി തരൂർ. രാഹുൽ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെയുള്ള ബി.ജെ.പിയുടെ വിമർശനത്തിനോട് പ്രതികരിക്കുകയായിരുന്നു തരൂർ. മോദിക്ക് സാധിക്കാത്തത് രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്നും പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ തരൂർ പറഞ്ഞു.
രാജ്യത്തിന്റെ ഏത് ഭാഗത്തും മത്സരിക്കാനുള്ള ആത്മവിശ്വാസം രാഹുൽ ഗാന്ധിക്കുണ്ട്. എവിടെ നിന്നാലും മത്സരിച്ച് ജയിക്കാൻ സാധിക്കുമെന്ന വിശ്വാസം. എന്നാൽ അത് നരേന്ദ്ര മോദിക്കില്ലെന്നും തരൂർ പറഞ്ഞു. വയനാട് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തെ ശശി തരൂർ പ്രശംസിച്ചു. വടക്കും തെക്കും ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം രാഹുലിനുണ്ട്. നരേന്ദ്ര മോദിക്ക് അതുണ്ടോ എന്നും തരൂർ ചോദിച്ചു.
കേരളത്തിലോ തമിഴ്‌നാടോ മത്സരിക്കാൻ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്നും തരൂർ ചോദിച്ചു. വയനാട്ട് രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ അതിന്റെ പ്രതിഫലനം ദക്ഷിണേന്ത്യയിൽ മൊത്തം പ്രകടമാകുമെന്നും അടുത്ത പ്രധാനമന്ത്രി തെക്ക് നിന്നാണെന്നും തരൂർ പറഞ്ഞു. കേരളത്തിൽ വന്ന് മത്സരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ? തമിഴ്‌നാട്ടിൽ മോദി മത്സരിക്കുമോ? തരൂർ ചോദിച്ചു. മോദിക്ക് സാധിക്കില്ല. എന്നാൽ രാഹുലിന് സാധിക്കും. അമേഠിയിലും വയനാടും മത്സരിച്ച് രാഹുൽ ജയിക്കുമെന്നും തരൂര്‍ പറഞ്ഞു.